മുന്‍ മന്ത്രി എസി ഷണ്‍മുഖദാസ് അന്തരിച്ചു

Posted on: June 28, 2013 10:55 am | Last updated: June 28, 2013 at 11:11 am
SHARE

a-c-shanmugha-das

കോഴിക്കോട്: എന്‍ സി പി നേതാവും മുന്‍ മന്ത്രിയുമായ എ സി ഷണ്‍മുഖദാസ് (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രി 9.20 നായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു. മൂന്ന് തവണ മന്ത്രിയും ഏഴ് തവണ എം എല്‍ എയുമായിരുന്ന അദ്ദേഹം 32 വര്‍ഷം നിയമസഭയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
എന്‍ സി പിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1970 ല്‍ ബാലുശേരിയില്‍ നിന്ന് മത്സരിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ ജലസേചനം, 1987 ലെ നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യം, 1996ല്‍ ആരോഗ്യം, സ്‌പോര്‍ടസ് വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 2001 ലാണ് അവസാനമായി നിയമസഭയിലേക്ക് മത്സരിച്ചത്.
1954 ലെ ഗോവ വിമോചന സമരത്തിലൂടെയാണ് പൊതു രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃതലത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മലപ്പുറം, കോഴിക്കോട് ഡി സി സി ഭാരവാഹിയായും കെ പി സി സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. പാറുക്കുട്ടിയാണ് ഭാര്യ. ഷംനാ ദാസ്, ഷറീനാ ദാസ് മക്കളാണ്.
മൃതദേഹം ഇന്ന് രാവിലെ 11ന് ബാലുശേരിയിലും ഉച്ചക്ക് രണ്ടിന് കോഴിക്കോട് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും.