സൗജന്യ കുടിവെള്ളപദ്ധതി: പണം വാങ്ങിയിട്ടും കണക്ഷന്‍ നല്‍കിയില്ലെന്ന്

Posted on: June 27, 2013 12:17 am | Last updated: June 27, 2013 at 12:17 am
SHARE

ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ കേന്ദ്രാവിഷ്‌കൃത സൗജന്യ കുടിവെള്ള കണക് ഷന്‍ പദ്ധതി പ്രകാരം കരാറുകാരന്‍ നാട്ടുകാരില്‍ നിന്ന് പണം ഈടാക്കിയിട്ട് കണക്ഷന്‍ നല്‍കിയില്ലെന്ന് പരാതി. നഗരസഭയിലെ സംയോജിത വനചേരി വികസന പദ്ധതി പ്രകാരം ബിപി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുവാന്‍ പദ്ധതിയുണ്ടായിരുന്നു. 2010-11 സാമ്പത്തിക വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. കണക്ഷനുള്ള 3500 രൂപ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുവാനും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നഗരസഭയില്‍ 1017 അപേക്ഷകള്‍ ലഭിച്ചു. ഇതിനുള്ള തുക ജല അതോറിറ്റിക്കു കൈമാറുകയും ടെന്‍ഡര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന്‍ പണി ആരംഭിക്കുകയും ചെയ്തു. ജല അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്ന് നാല് മീറ്റര്‍ വരെയുള്ളവര്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജലഅതോറിറ്റിയും വാര്‍ഡ് കൗണ്‍സിലറും സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കുകയും ചെയ്തു. കുടിവെള്ള പൈപ്പില്‍ നിന്ന് വീട്ടിലേക്ക് നാല് മീറ്ററില്‍ കൂടുതല്‍ അകലമുണ്ടെങ്കില്‍ വീട്ടുകാരില്‍ നിന്ന് പണം ഈടാക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു. തുടക്കത്തില്‍ കണക്ഷനുകള്‍ നല്‍കിയെങ്കിലും പിന്നീട് സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതില്‍ നിന്ന് കരാറുകാരന്‍പിന്മാറുന്നുവെന്നാണു പരാതി. പൈപ്പ് നീട്ടുന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയെങ്കിലും കണക്ഷന്‍ നല്‍കിയില്ലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പണം നല്‍കിയവര്‍ നഗരസഭയിലും ജല അതോറിറ്റിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കുടിവെള്ള കണക്ഷനുകളുടെ കാര്യത്തിലും നഗരസഭയും ജലഅതോറിറ്റിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. 
നഗരസഭയുടെ കണക്ക് പ്രകാരം 1017 അപേക്ഷകരാണെങ്കില്‍ ജലഅതോറിറ്റിയുടെ കണക്കില്‍ ഇത് 910 ആണ്. ഇതില്‍ 817 കണക്ഷനുകള്‍ നല്‍കിയെന്നും 93 അപേക്ഷകള്‍ രേഖകള്‍ ഇല്ലാത്തതിനാലും 24 എണ്ണം മുന്‍വശത്ത് പൈപ്പ് ലൈന്‍ ഇല്ലാത്തതിനാല്‍ കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഇപ്രകാരമാണെങ്കില്‍ സംയോജിത ഭവന ചേരി വികസന പദ്ധതി പ്രകാരം എല്ലാ കണക്ഷനും പൂര്‍ത്തിയായി. എന്നാല്‍ പണം നല്‍കിയവര്‍ക്ക് ഇനിയും കണക്ഷന്‍ നല്‍കിയിട്ടില്ല.