അട്ടപ്പാടി : വിജിലന്‍സ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്യും

Posted on: June 27, 2013 12:16 am | Last updated: June 27, 2013 at 12:16 am
SHARE

പാലക്കാട്: അട്ടപ്പാടിയിലെ ആരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി ഐ സി ഡി എസ് സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചിരുന്ന ഹാജിറാബീവിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. വര്‍ഷങ്ങളായി സൂപ്പര്‍വൈസറായിരുന്ന ഇവര്‍ സാമൂഹ്യനീതി ഓഫീസ് നല്‍കുന്ന ഭക്ഷ്യകിറ്റുകളും മറ്റും സ്വകാര്യഏജന്‍സിയുമായി സഹകരിച്ച് മറിച്ചുവില്‍പ്പന നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
കാലങ്ങളായി നിലവാരം കുറഞ്ഞ ‘ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതും അനുവദിച്ച സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യാത്തതുമാണ് ഈ മേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതായി കലക്ടര്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന കരാറുകാര്‍ക്കെതിരെയും നടപടിയ്ക്ക് ശിപാര്‍ശ ചെയ്യും. കലക്ടറേറ്റില്‍ ചേര്‍ന്ന അട്ടപ്പാടി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 8000 കുടുംബങ്ങള്‍ക്ക് 50 സെന്റില്‍ കൃഷി ചെയ്യുന്നതിനായി 5000രൂപ സബ്‌സിഡി നല്‍കുമെന്ന് കൃഷി ഡെ. ഡയറക്ടര്‍ അറിയിച്ചു. നെല്ലിക്ക, റാഗി, ചാമ, തിന, മുരിങ്ങ, ചക്ക തുടങ്ങിയ കൃഷിക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആനവായ് ഊരില്‍ റേഷന്‍കട അനുവദിക്കുന്നതിനായി സിവില്‍ സപ്ലേവകുപ്പിന് നിര്‍ദേശം നല്‍കി. റേഷന്‍കടയുടമകളുമായി ജൂണ്‍ 28 ന് ഉച്ച ക്ക് 12. 30ന് അഹാഡ്‌സില്‍ വെച്ച് ചര്‍ച്ച നടത്തും. മേഖലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. സാമൂഹികനീതിവകുപ്പിന്റെ കീഴില്‍ ഒരു ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസറേയും ഏഴ് സൂപ്പര്‍വൈസര്‍മാരേയും നിയമിച്ചതായി അട്ടപ്പാടി പ്രൊജക്റ്റ് ഓഫീസര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു.
മൂന്ന് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അംഗണ്‍വാടികള്‍ മുഖേന മുട്ടയും പാലും പഴവും വിതരണം ആരംഭിച്ചു.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സഫല കിറ്റും അയേണ്‍ ഫോളിക് ആസിഡ് ക്യാപ്‌സൂളുകളും വിതരണം ആരംഭിച്ചു. അംഗണ്‍വാടി ജീവനക്കാര്‍ 3. 30 മുതല്‍ അഞ്ചുമണിവരെ ഭവന സന്ദര്‍ശനം നടത്തും. പത്ത് സ്‌പെഷ്യല്‍ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ തൂക്കക്കുറവുള്ള 299 കുട്ടികള്‍ക്ക് പ്രത്യേക പരിചരണവും ആരംഭിച്ചു. കോട്ടത്തറ ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, രക്തബാങ്ക് സംവിധാനങ്ങളും ആരംഭിച്ചതായി ഡി എം ഒ കെ വേണുഗോപാല്‍ അറിയിച്ചു.
അഗളി സി എസ് സിയില്‍ പോഷകാഹാര പുനരധിവാസ ക്യാമ്പ് ആരംഭിക്കും. പുതൂര്‍ പി എച്ച് സി യില്‍ കിടത്തിച്ചികിത്സ ആരംഭിക്കും. മൂന്ന് ആശുപത്രികളിലായി പുതിയ 75 തസ്തികകള്‍ സൃഷ്ടിച്ചു. —പട്ടികവര്‍ഗ വികസനവകുപ്പ് ജനനിജന്മരക്ഷാപദ്ധതിയിലൂടെ ഗര്‍ഭിണികള്‍ക്ക് മൂന്നാം മാസംമുതല്‍ 18 മാസത്തേക്ക് 1000 രൂപ വീതം നല്‍കും.
പട്ടികവര്‍ഗരോഗികളുടെ ചികിത്സക്കായി 25ലക്ഷം രൂപ ഡി എം ഒയ്ക്ക് വകുപ്പ് അനുവദിച്ചിട്ടുണ്ട്. ജനനി ജന്മരക്ഷയില്‍ അനുവദിച്ച തുക എ ടി എമ്മില്‍ നിന്ന് മാറ്റി തപാല്‍വഴി വിതരണം ചെയ്യുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ശിശു മരണങ്ങളുണ്ടായ സാഹചര്യത്തിന് ശേഷം അട്ടപ്പാടിയില്‍ നടന്ന 69 പ്രസവങ്ങള്‍ ആശുപത്രിയിലൂടെ ആക്കിയതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞെന്ന് ഡി എം ഒ റിപ്പോര്‍ട്ട് ചെയ്തു.
സിവില്‍ സപ്ലൈസ് വകുപ്പ് ഊരുകളില്‍ നടത്തിയ 16 ക്യാമ്പുകളില്‍ 1,896 എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി. തൊഴിലുറപ്പ്പദ്ധതിയില്‍ 7397 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. അട്ടപ്പാടിയില്‍ 10 ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു. വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
നാല്‍പ്പത് ഹെല്‍ത്ത് അനിമേറ്റര്‍മാരെ കുടുംബശ്രീവഴി നിയമിക്കും. ആയുര്‍വേദ ചികിത്സയ്ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. അവലോകനയോഗത്തില്‍ ഡോ. കൗശികന്‍, ഇന്ദുചൂഡന്‍ തുടങ്ങിയ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.