യുദ്ധങ്ങള്‍ പാഠം പഠിപ്പിച്ചു:യുഎസ് സേന അംഗബലം കുറയുന്നു

Posted on: June 27, 2013 6:00 am | Last updated: June 26, 2013 at 11:45 pm
SHARE

usവാഷിംഗ്ടണ്‍: സൈനിക ശേഷി വെട്ടിക്കുറക്കാന്‍ അമേരിക്ക തീരുമാനിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. 2017 ഓടെ 80,000 സൈനികരെയാണ് വെട്ടിക്കുറക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും സൈനികരെ അമേരിക്ക കുറക്കുന്നത്.
സൈനിക ശേഷിയിലെ ആള്‍ബലം കുറക്കുന്നത് അന്താരാഷ്ട്ര മേഖലയിലെ അമേരിക്കയുടെ സൈനിക സാന്നിധ്യത്തെയും യു എസ് സൈനികത്താവളങ്ങളെയും ബാധിക്കുമെന്ന് സൈനിക മേധാവി ജനറല്‍ റെയ്മണ്ട് ഒഡിയര്‍നോ പറഞ്ഞു. എന്നാല്‍, ഏഷ്യാ പസഫിക് മേഖലയിലെ സൈനിക വിന്യാസത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2012ല്‍ പ്രതിരോധ ചെലവുകള്‍ വെട്ടിക്കുറക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് അഫ്ഗാനില്‍ നിന്ന് സേനാ പിന്മാറ്റം നടത്തിയത്. ഇറാഖില്‍ നിന്നും സേനാ പിന്മാറ്റം നടക്കുന്നുണ്ട്. നിലവില്‍ സൈനികരുടെ എണ്ണം 5,70,000 ത്തില്‍ നിന്ന് 4,90,000 ആയാണ് കുറക്കുന്നത്. ജര്‍മനിയിലെ രണ്ട് താവളങ്ങളിലെയും പത്ത് കേന്ദ്രങ്ങളില്‍ നിന്നും 4,500 ഓളം സൈനികരെയും വെട്ടിച്ചുരുക്കിയിരുന്നു. 12 ബ്രിഗേഡുകളാണ് ഈ വര്‍ഷം നിര്‍ത്തലാക്കുന്നത്. വിവിധ സൈനിക താവളങ്ങളിലെ സൈനിക ശേഷിയില്‍ 14 ശതമാനത്തിന്റെ കുറവാണ് വരുത്തുന്നത്. ജര്‍മനിയില്‍ നിന്നും ഈ വര്‍ഷം സേനാ പിന്മാറ്റം നടത്തുന്നുണ്ടെന്ന് യു എസ് സൈനിക മേധാവി അറിയിച്ചു. പിന്‍വലിക്കുന്ന സൈനികര്‍ക്ക് സിവിലിയന്‍ ജോലി നല്‍കും. സേനാ ആസ്ഥാനങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തുമെന്ന് മേധാവി പറഞ്ഞു.
12 വര്‍ഷം നീണ്ട യുദ്ധം നല്‍കിയ പാഠമാണ് സൈനിക ശക്തിയുടെ 14 ശതമാനം കുറക്കാന്‍ പ്രചോദനമായതെന്ന് സൈനിക മേധാവി പറഞ്ഞു. അഫ്ഗാന്‍, ഇറാഖ് യുദ്ധമാണ് അമേരിക്ക ഈ കാലയളവില്‍ നടത്തിയ യുദ്ധം. ഒരു ലക്ഷം സൈനികരെ വെട്ടിക്കുറക്കാനാണ് യു എസ് ലക്ഷ്യമിടുന്നത്. ഇതിന് യു എസ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മാത്രമാണ് നടപടി തുടങ്ങിയതെന്നും ഇത് ആദ്യപടിയാണെന്നും സേനാ മേധാവി പറഞ്ഞു. സൈനികരെ വെട്ടിക്കുറക്കുന്നതോടെ സെപ്തംബര്‍ 11ന് മുമ്പുള്ള സൈനിക ശേഷിയിലേക്ക് അമേരിക്കന്‍ സേന ചുരുങ്ങും. സൈനിക ശേഷി കുറക്കുന്നത് സൈന്യത്തിന്റെ കാര്യക്ഷമതയെ ബാധിക്കില്ലെന്നും സേനാ തലവന്‍ പറഞ്ഞു.