Connect with us

Articles

മുതുകാടും നമ്മുടെ നാടുവാഴികളും

Published

|

Last Updated

“”മാറുന്ന കാര്‍ഷിക രംഗത്തിന് മാറ്റത്തിന്റെ കൈയൊപ്പ് ചാര്‍ത്തി കേരള കര്‍ഷകന്‍ ഇംഗ്ലീഷ് ഇ ജേര്‍ണല്‍…. ദേശീയ അന്തര്‍ദേശീയ മേഖലകളിലെ വിദഗ്ധര്‍ എഴുതുന്ന മികവുറ്റ ലേഖനങ്ങളുമായി കേരളത്തില്‍ നിന്ന് ആദ്യമായി ഒരു ഇംഗ്ലീഷ് ഇ മാസിക…. കൃഷിയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കൃഷി വകുപ്പിന്റെ സമ്മാനം….””

കുറച്ചു മുമ്പ് നമ്മുടെ പത്രങ്ങളില്‍ സര്‍ക്കാര്‍ പണം കൊടുത്ത് പ്രസിദ്ധീകരിച്ച പരസ്യമാണിത്.
നമ്മുടെ നാടുവാഴികള്‍ കേമന്മാരാണ്. അവരുടെ തലയില്‍ തേങ്ങ വീഴാതെ നോക്കണം. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ അടിയന്തിരമായി വേണ്ടത് ഇംഗ്ലീഷ് ഇ ജേര്‍ണലാണെന്ന് അവര്‍ കണ്ടെത്തി അത് തയ്യാറാക്കിയല്ലോ.
ഇപ്പോല്‍ ഒരു തേങ്ങക്ക് നാല് രൂപയും 75 പൈസയും കിട്ടും. ഏറിയാല്‍ അഞ്ച് രൂപ. കയറുന്നയാള്‍ക്ക് 20 രൂപ കൊടുത്താല്‍ മതി ഒരു തെങ്ങ് കയറാന്‍. നാല് തേങ്ങയുള്ള തെങ്ങില്‍ കയറിയാല്‍ അത് കയറുന്നയാള്‍ക്ക് കൊടുക്കാന്‍ തികയും. എന്നുവെച്ച് ഒരു തേങ്ങയുള്ള തെങ്ങാണെങ്കിലും കയറാതെ വയ്യല്ലോ. കാരണം ഭൂമിയിലൂടെ സമാധാനത്തോടെ നടക്കേണ്ടേ? തെങ്ങ് ചതിക്കില്ല എന്ന വേദാന്തമൊക്കെ പണ്ട്. ഇത് “കേരം തിങ്ങും കേരള നാടി”നെ കേരളമാക്കിയ തെങ്ങിന്റെ കഥ. നമ്മുടെ മറ്റു കാര്‍ഷിക മേഖലകളും ഉഷാറായി മുന്നോട്ടു പോകുകയാണെന്ന് പറയേണ്ടതില്ലല്ലോ.
കൃഷി വകുപ്പിനെ മാത്രം എന്തിന് പറയണം? “ഡെങ്കി”യും “പന്നി”യും “മല”യും “മഞ്ഞ”യും കേരള മാതൃകയെ പനിക്കിടക്കയില്‍ കുളിപ്പിച്ചു കിടത്തിയപ്പോള്‍, കണ്ടില്ലേ നമ്മുടെ ഭരണകര്‍ത്താക്കള്‍ വെള്ളത്തില്‍ വിമാനം പറത്തിക്കളിക്കുന്നത്. അങ്ങനെ മീന്‍കാരുടെ മീന്‍ ചട്ടിയില്‍ കല്ലിട്ടു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയരുത്. പനി പ്രമാണിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് നാല് “ഗാന്ധിത്തല” വാങ്ങാന്‍ സൗകര്യം ചെയ്തുകൊടുക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് അനുമതി!. സ്വകാര്യ പ്രാക്ടീസിന് മുട്ടിക്കളിക്കുന്ന സര്‍ക്കാറിന് കിട്ടിയ നല്ല അവസരം. പക്ഷേ, ചെറുതായൊന്ന് പളിപ്പോയി.
പനി പിടിച്ചാല്‍ മെഡിക്കല്‍ കോളജ് ഡോക്ടറുടെ അടുത്തേക്ക് പോകുന്നവര്‍ എത്ര വരും? പനിക്ക് പ്രതിവിധിയില്ലെങ്കില്‍ പോകട്ടെ, ഈയൊരു ക്രൂരത ചെയ്യരുതായിരുന്നു രോഗികളോട്. സ്വകാര്യ പ്രാക്ടീസ് എന്നാല്‍ മെഡിക്കല്‍ കോളജിലെ സര്‍ക്കാര്‍ സൗകര്യത്തിന് കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
“പ്രതിസന്ധികളെ അവസരമാക്കുക” എന്ന് പഠിപ്പിച്ച മഹാത്മാവിന് നല്ല നമസ്‌കാരം. വൈദ്യുതി രംഗത്തെ വലിയ പ്രതിസന്ധിയെ അവസരമാക്കിയെടുക്കുകയായിരുന്നല്ലോ നമ്മുടെ സരിതാ നായരും ബിജു മേനോനും മറ്റനേകം ജോപ്പന്മാരും.
ഇതുപോലെ മുമ്പൊരു കൗശലം കാണിച്ചത് നമ്മുടെ കേന്ദ്ര കൃഷി മന്ത്രാലയമാണ്. വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ അരി നല്‍കി. എന്നുവെച്ചാല്‍ വില കുറച്ച് റിലയന്‍സിനും മറ്റും അരി സംഭരിക്കാന്‍ അവസരം കൊടുത്തു. വില കുറക്കാന്‍ അരി പൊതുവിപണിയിലിറക്കുകയല്ല വേണ്ടത് എന്നറിയാത്തവരല്ല കേന്ദ്രത്തിലെ മന്ത്രിമാരും മന്ത്രാലയ തലവന്മാരും. പക്ഷേ, എന്തെങ്കിലുമൊരു പേരില്‍ കുത്തകകളെ സഹായിക്കണമല്ലോ. തുട്ട് വല്ലതും തട്ടണമല്ലോ. പൊതുവിതരണ സംവിധാനത്തിലൂടെ ധാന്യങ്ങള്‍ വിതരണം ചെയ്താലേ താഴേക്കിടയിലേക്ക് വിഭവങ്ങളെത്തൂ എന്ന് എല്ലാവര്‍ക്കുമറിയാം.
ഭരിക്കുന്നവര്‍ മനുഷ്യരുടെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളറിയാതിരിക്കാന്‍ കാരണം, അവര്‍ പൊതുഖജനാവിന്റെ ചെലവിലാണ് കഴിയുന്നത് എന്നതാകാം. എന്നാലും അവരും ജീവിക്കുന്നത് ഈ നാട്ടിലല്ലേ? പത്രം വായിക്കുന്നില്ലേ അവര്‍? സ്തുതി വചനങ്ങള്‍ മാത്രം കേള്‍ക്കുകയും വിമ്മിട്ടമുണ്ടാക്കുന്നതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന ഒരു സവിശേഷ സാഹചര്യം ഇവരുടെ ദൈനം ദിനത്തിലുണ്ട്. സല്യൂട്ടുകള്‍, സാര്‍ വിളികള്‍, ഉപഹാരങ്ങള്‍, ഉദ്ഘാടന ചടങ്ങുകള്‍, ആഘോഷ പരിപാടികള്‍, സ്വീകരണ ചടങ്ങുകള്‍, അനുമോദനങ്ങള്‍, പ്രകീര്‍ത്തനങ്ങള്‍ അങ്ങനെയൊരു ലോകം.
ഒരു കിലോ ഗ്രാം തക്കാളിക്ക് അമ്പത് രൂപക്ക് മുകളിലെത്തിയല്ലോ അല്‍പ്പം മുമ്പ്. അരി വില പിന്നോട്ടില്ല. നിത്യോപയോഗ സാധനങ്ങളും തഥൈവ. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കാണെങ്കില്‍ യാതൊരു വിലയുമില്ല. ഈ സമയത്താണ് നമ്മുടെ സര്‍ക്കാര്‍ സി പ്ലൈന്‍ പറപ്പിച്ചുകളിക്കുന്നത്. അട്ടപ്പാടിയില്‍ ആദിവാസി കുട്ടികള്‍ പട്ടിണി കൊണ്ട് മരിക്കുമ്പോഴാണ് ഉപമുഖ്യമന്ത്രി പദം തലവാചകങ്ങള്‍ സൃഷ്ടിക്കുന്നത്.
നിങ്ങളുടെ ഉപമുഖ്യമന്ത്രിസ്ഥാനമോ ഇനി മുഖ്യമന്ത്രിസ്ഥാനം തന്നെയോ സാധാരണക്കാരന് വിഷയമല്ല. അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കില്ല. ജനാധിപത്യത്തില്‍ മനുഷ്യര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുപോകുന്നു എന്ന് വിലപിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ജനാധിപത്യത്തില്‍ എന്നിട്ടും ജനം വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിലാണ് അതിശയം.
ജനശ്രദ്ധ നേടുന്ന, പ്രശസ്തിക്ക് കാരണാകുന്ന പദ്ധതികള്‍ക്കാണ് മന്ത്രിമാര്‍ക്ക് താത്പര്യം. സുതാര്യം, സ്മാര്‍ട്ട് സിറ്റി, സി പ്ലൈന്‍, ടൂറിസം വികസനം, ശ്രേഷ്ഠ ഭാഷ, കുന്തം കൊടച്ചക്രം എന്നൊക്കെ പറയുന്ന പരിപാടികള്‍ക്ക്. എല്ലാവര്‍ക്കും മുതുകാടാകാന്‍ താത്പര്യം. മാജിക്കാണ് ഭരണമെങ്കില്‍ നമ്മുടെ മന്ത്രിമാര്‍ നല്ല ഭരണാധികാരികളാണ്. അവര്‍ ഭരിക്കുന്നതായി, ജനസേവനം ചെയ്യുന്നതായി കാണിക്കുകയാണ്. അഭിനയിക്കുകയാണ്.
കര്‍ഷകര്‍ക്ക് എന്തെങ്കിലും ഗുണം ചെയ്താല്‍ ആരറിയാന്‍? കൃഷി വകുപ്പ് ഇംഗ്ലീഷ് ഇ ജേര്‍ണല്‍ ഇറക്കിയാല്‍ അതാണ് വാര്‍ത്ത സൃഷ്ടിക്കാന്‍ നല്ലത്. പ്രതിച്ഛായ പടച്ചുണ്ടാക്കാന്‍ ഉപകരിക്കുക.
പെന്‍ഷന്‍ കുടിശ്ശിക കൊടുത്താല്‍ ഒരു പത്രത്തിലും വരില്ല. സ്മാര്‍ട്ട് സിറ്റിയെപ്പറ്റി പറഞ്ഞാല്‍ തന്നെ അത് വികസനമായി. ഏതായാലും നല്ല കാലമാണ് ഭരണകൂടത്തിന്. ജോസ് തെറ്റയിലും സരിതാ നായരും സലിം രാജും ജോപ്പന്മാരും ഒളിക്യാമറയുമൊക്കെ ഉള്ള കാലത്തോളം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ~ഒരു പ്രശ്‌നമല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? അല്ലെങ്കിലും ആര്‍ക്കാണ് ജനങ്ങളുടെ പ്രശ്ങ്ങള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളത്?

Latest