Connect with us

Articles

നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസം എങ്ങോട്ടാണ് പോകുന്നത്?

“കൊല്ലം തോറും 2000ലധികം “ഫോറിന്‍ എം ഡി”കള്‍ ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് ഇന്ത്യന്‍ ബോര്‍ഡ് നടത്തുന്ന ഒരു പരീക്ഷ പാസ്സാകണമെന്നു പറഞ്ഞല്ലോ. ഈ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താന്‍ ധാരാളം “മിടുക്കന്മാരായ” ഡോക്ടര്‍മാരും ഉണ്ട്. രണ്ടോ മൂന്നോ ലക്ഷം അവര്‍ക്ക് നല്‍കണമെന്ന് മാത്രം. ഇതെഴുതുന്ന വ്യാജന്മാര്‍ക്കും നല്ല വരമാണ്. കാലങ്ങളായി നടന്നിരുന്ന കാര്യം പുറത്തുവന്നത് ഈയിടെ ബീഹാറില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ കൈയോടെ പിടികൂടിയപ്പോള്‍ മാത്രമാണ്. ഇത് നോക്കുമ്പോള്‍ കേരളത്തിലെ പഴയ വ്യാജ ഡോക്ടര്‍മാര്‍ എത്രയോ വിവരമുള്ളവരായിരുന്നു എന്ന് കാണാം”

കുറച്ചുമുമ്പ് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, ജോലിയില്‍ ചേരാന്‍ വരുന്ന ഡോക്ടര്‍മാരെപ്പറ്റി പറഞ്ഞ ചില അഭിപ്രായങ്ങള്‍ വലിയ വിവാദം ഉയര്‍ത്തുകയുണ്ടായല്ലോ. അദ്ദേഹം അത് പറഞ്ഞത് ഈയിടെ പി എസ് സി പരീക്ഷയില്‍ പങ്കെടുത്ത ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും അവരുടെ ജോലിയെപ്പറ്റി വിവരമുണ്ടായിരുന്നില്ല എന്നതിനു പുറമെ പൊതുവിവരത്തിന്റെ കാര്യത്തിലും വളരെയേറെ മോശക്കാരായിരുന്ന എന്നും ആണ്. അദ്ദേഹം ഡോക്ടര്‍മാരെ മാത്രമല്ലല്ലോ തിരഞ്ഞെടുക്കുന്നത്. ഇന്ന് ഏതാണ്ടെല്ലാ തൊഴിലുകളിലെയും ഉദ്യോഗാര്‍ഥികളുടെ സ്ഥിതി ഇത് തന്നെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഡോക്ടര്‍മാരെ പറ്റി മാത്രം പറയുന്നതിന് പകരം ഒരു പൊതു പ്രസ്താവന നടത്താമായിരുന്നു. ഒരുപക്ഷേ, അപ്പോള്‍ നടന്ന കാര്യത്തെപ്പറ്റി മാത്രം അദ്ദേഹം എടുത്തുപറഞ്ഞതാകാം. ഏതായാലും ഇത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ കാരണങ്ങളെപ്പറ്റിയും എല്ലാവരും ബോധവാന്മാരാണ്. “രാജാവിന്റെ നഗ്നത”യെപ്പറ്റി ആദ്യം വിളിച്ചുപറഞ്ഞു പി എസ് സി ചെയര്‍മാന്‍ ആണ് എന്നു മാത്രം.

കേരളത്തില്‍ 1951 വരെ മെഡിക്കല്‍ കോളജുകള്‍ ഒന്നുമുണ്ടായിരുന്നില്ല. മലബാറുകാര്‍ മദിരാശിയില്‍ നിന്നും കൊച്ചി തിരുവിതാംകൂറുകാര്‍ മറ്റു സര്‍ക്കാറുകളുടെ സഹായത്താലുമാണ് അന്ന് ഭിഷഗ്വര ബിരുദങ്ങള്‍ എടുത്തിരുന്നത്. 1951ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. 1957ല്‍ കോഴിക്കോട്ടും 1962ല്‍ കോട്ടയത്തും ആലപ്പുഴയിലും മെഡിക്കല്‍ കോളജുകള്‍ നിലവില്‍ വന്നു. ഇതില്‍ ആലപ്പുഴയിലേത് മാത്രമായിരുന്നു പ്രൈവറ്റ് മെഡിക്കല്‍ കോളജ്. വെറും 7500 രൂപ മാത്രം ഡെണേഷന്‍ വാങ്ങി മാന്യമായ രീതിയില്‍ നടത്തിയിരുന്ന ആ കോളജിനെ മണിപ്പാല്‍ ലോബിയും അതിന്റെ പ്രൊമോട്ടര്‍മാരായ ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും ചേര്‍ന്നാണ് നശിപ്പിച്ചതും ഗവണ്‍മെന്റ് കോളജ് ആക്കിയതും. അന്നേ ആലപ്പുഴക്ക് വേണ്ട സഹായങ്ങള്‍ നല്‍കി (കര്‍ണാടക സര്‍ക്കാര്‍ മണിപ്പാലിന് ചെയ്തപോലെ) ഒരു പ്രൈവറ്റ് മെഡിക്കല്‍ കോളജ് സംസ്‌കാരം വളര്‍ത്തിയെടുത്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര മോശമാകുമായിരുന്നില്ല. അതിനു പകരം, വളരെയേറെക്കാലം സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് ഒരു അസ്പൃശ്യത വെച്ചുപുലര്‍ത്തുകയും പിന്നീടൊരു സുപ്രഭാതത്തില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ കുറേയേറെ മൂന്നാം തരം കോളജുകളെ താലോലിക്കുകയും ചെയ്തതില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഇടിത്തീ വീണത്. സംഗതികള്‍ എന്‍ജിനീയറിംഗ് രംഗത്ത് ഇതിലും മോശമാണ്. അവസാന പരീക്ഷയില്‍ ഒരു വിദ്യാര്‍ഥി പോലും പാസ്സാകാത്ത എന്‍ജിനീയറിംഗ് “കോളജുകള്‍” കേരളത്തിലുണ്ട്. സ്വകാര്യ ആയുര്‍വേദ, ഡെന്റല്‍ മെഡിക്കല്‍ കോളജുകളുടെയും സ്ഥിതി ശോചനീയമാണ്.

1974 മുതല്‍ 1981 വരെ ഞാന്‍ മെഡിക്കല്‍ കോളജ് സെലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അന്ന് പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷയിലെ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശം. സാധാരണ ഗതിയില്‍ 95 ശതമാനത്തില്‍ കുറവ് മാര്‍ക്ക് കിട്ടിയവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുക പ്രയാസമായിരുന്നു. എസ്സെ (Essay) ടൈപ്പ് ചോദ്യങ്ങള്‍ കൂടി അടങ്ങിയ സയന്‍സ് പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് വാങ്ങിയ ഒരു വിദ്യാര്‍ഥിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാര്‍ക്ക് കുറയാന്‍ സാധ്യത വളരെ വിരളമാണ്. സര്‍വകലാശാലാ പൊതുവിദ്യാഭ്യാസത്തിലൂന്നിയ ഈ സെലക്ഷന്‍ കാരണമാണ് എഴുപതുകളിലും എണ്‍പതുകളിലും നമുക്ക് പ്രഗത്ഭരായ ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ സാധിച്ചതും അങ്ങനെ ആഗോള പ്രശസ്തി നേടാന്‍ കഴിഞ്ഞതും.

1982ല്‍ എന്‍ട്രന്‍സ് പരീക്ഷ നടപ്പിലാക്കിയതോടുകൂടി തന്നെ ഡോക്ടര്‍മാരുടെ ഭാഷാപരിജ്ഞാനം കുറഞ്ഞു. ആശയ വിനിമയം ചെയ്യാനുള്ള കഴിവ് കുറഞ്ഞുതുടങ്ങി. എ, ബി, സിയില്‍ മാര്‍ക്ക് ഇടുന്നതില്‍ മാത്രം വൈദഗ്ധ്യം നേടുന്നവര്‍ക്ക് ധാരാളം അറിവ് (Information) ഉണ്ടായിരിക്കും. പക്ഷേ, മറ്റു വിഷയങ്ങളിലോ സാഹിത്യത്തിലോ ഉള്ള പുസ്തകങ്ങള്‍ വായിക്കാതെ സര്‍വകലാശാലാ വിദ്യാഭ്യാസത്തെ പുച്ഛിച്ചു തള്ളുന്ന ഇവര്‍ക്ക് ഈ ഇന്‍ഫര്‍മേഷനെ യഥാര്‍ഥ അറിവായി (Knowledge) മാറ്റാന്‍ പലപ്പോഴും സാധിക്കാറില്ല. ഈ യഥാര്‍ഥ അറിവിനെ മസ്തിഷ്‌കമാകുന്ന കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത് സ്വാംശീകരിച്ചാല്‍ മാത്രമേ ജ്ഞാനം ലഭിക്കുകയുള്ളൂ. ഒരു നല്ല ഡോക്ടര്‍ക്ക് ഈ ജ്ഞാനം അത്യാവശ്യമാണ്. അതുകൊണ്ടാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭേഷജസംഹിതയില്‍ ഒരു നല്ല വൈദ്യന്‍ “ബുദ്ധിമാന്‍, തര്‍ക്ക കുശലശ്ച” (ബുദ്ധിമാനും തര്‍ക്ക കുശലനും ആയിരിക്കണം) എന്ന് പറഞ്ഞത്.

ഇന്ന് ഏറ്റവും വലിയ ബിരുദാനന്തര ബിരുദങ്ങളൊക്കെ നേടിയിട്ടുള്ള ഡോക്ടര്‍മാര്‍ക്കും ഒരു യോഗത്തില്‍ സംസാരിക്കണമെങ്കില്‍, ആ വിഷയത്തെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നെടുത്തിട്ടുള്ള (കോപ്പിയടിച്ചുള്ള) പേജുകള്‍ കമ്പ്യൂട്ടറില്‍ കയറ്റി ലാപ്‌ടോപ്പില്‍ ആക്കി അതു നോക്കി വായിക്കാന്‍ മാത്രമേ സാധ്യമാകൂ എന്ന് വന്നിരിക്കുന്നു. വൈദ്യുതിയില്ലെങ്കില്‍ പ്രസംഗം സാധ്യമല്ല. അല്ലെങ്കില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പോലെ പ്രത്യേക സംവിധാനങ്ങള്‍ വേണ്ടിവരും. ഡോ. ബി സി റോയിയും ഡോ. എ ലക്ഷ്മണസ്വാമിയും പ്രൊഫ. കെ സി നമ്പ്യാരും മറ്റും എത്ര ഗംഭീരമായി വാണിരുന്ന രംഗത്താണ് ഇന്ന് ഈ അധോഗതി വന്നിട്ടുള്ളത്?
ഇത്രയും പറഞ്ഞത് പരീക്ഷകളെഴുതി നല്ല മാര്‍ക്കും വാങ്ങി മെഡിക്കല്‍ കോളജിലെത്തുന്ന വിദ്യാര്‍ഥികളെപ്പറ്റിയാണ്. ഇന്ന് ഇവരുടെ എണ്ണം കുറഞ്ഞുവരികയാണ്. കൂനുകള്‍ പോലെയാണ് സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ മുളച്ചുവരുന്നത്. ഈ സ്ഥാപനങ്ങളില്‍ ചേരാന്‍ മാര്‍ക്കിനേക്കാളും ലക്ഷങ്ങള്‍ക്കാണ് പ്രാധാന്യം. സര്‍വ്വേ ഗുണാ കാഞ്ചനമാശ്രയന്തി എന്നാണല്ലോ ഭര്‍തൃഹരി കൂടി പറഞ്ഞിട്ടുള്ളത്. പണ്ടൊക്കെ 50 ശതമാനം എന്നൊരു ലക്ഷ്മണ രേഖയുണ്ടായിരുന്നു. ഇന്ന് പലയിടത്തും അതും മാഞ്ഞുപോയിക്കൊണ്ടിരിക്കയാണ്. ഈ സ്ഥാപനങ്ങളിലെ സ്റ്റാഫിന്റെ കാര്യം എത്രയും വിചിത്രമാണ്. കുറേ സ്റ്റാഫ് അംഗങ്ങരുടെ പേര് ബോര്‍ഡുകളില്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അവര്‍ ഇന്‍സ്‌പെക്ഷന്‍ സമയങ്ങളില്‍ മാത്രമേ സ്ഥാപനങ്ങളില്‍ വരിക പതിവുള്ളൂ. ഇങ്ങനെയുള്ള നിരവധി കേസുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ പിടിച്ചിട്ടുണ്ട്. പിന്നീടുണ്ടായ നടപടികള്‍ അറിയില്ല.

ബാക്കിയുള്ളതില്‍ മിക്കവാറും എല്ലാവരും സര്‍ക്കാര്‍ കോളജുകളില്‍ നിന്ന് വിരമിച്ചവരാണ്. വിരമിച്ചവര്‍ പഠിപ്പിക്കാന്‍ യോഗ്യരല്ല എന്നല്ല വിവക്ഷ. മറിച്ച് മൂന്ന് കാരണങ്ങള്‍ കൊണ്ട് അവര്‍ അതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് യാഥാര്‍ഥ്യം. ഒന്നാമതായി, അവര്‍ സ്വകാര്യ പ്രാക്ടീസ് രംഗത്ത് നിലയുറപ്പിച്ചവരായിരിക്കും. അതുകൊണ്ട് പഠിപ്പിക്കുന്നതിന് കുറച്ചു സമയമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ മിക്കവരും അവരുടെ ദൂരെയുള്ള സ്വന്തം വീടുകളിലാണ് താമസം. കോഴിക്കോട് ജില്ലയിലുള്ള മൂന്ന് മെഡിക്കല്‍ കോളജുകളിലെ മിക്ക സീനിയര്‍ ഡോക്ടര്‍മാരും കോഴിക്കോട് നഗരത്തിലാണ് താമസിക്കുന്നത്. ഇവിടെ നിന്ന് നാല്‍പ്പതും നാല്‍പ്പത്തഞ്ചും കിലോമീറ്റര്‍ ദൂരെയുള്ള കോളജുകളില്‍ ഇവരാരും 11 മണിക്ക് മുമ്പ് എത്താറില്ല. മൂന്ന് മണിയോടു കൂടി തിരിക്കുകയും ചെയ്യും. 70 വയസ്സ് തികഞ്ഞ ഒരു പ്രൊഫസര്‍ക്ക് (ഇത്ര കുറഞ്ഞ സമയം കൊണ്ട്) നട്ടുച്ച നേരത്തെ പഠിപ്പിക്കല്‍ എത്ര ഫലപ്രദമായി നടത്താന്‍ കഴിയുമെന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്നു വരുന്ന ഡോക്ടര്‍മാരക്കാള്‍ മിടുക്കരാണ് വിദേശ ട്രൈനിംഗ് കഴിഞ്ഞുവരുന്ന ഡോക്ടര്‍മാര്‍.

പണ്ടൊക്കെ റഷ്യയിലെ യൂനിവേഴ്‌സിറ്റികളില്‍ നിന്നാണ് ഇവരെത്തിയിരുന്നത്. അന്നത്ത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ഒരു താവളമായിരുന്നു അത്. ഈ യൂനിവാഴ്‌സിറ്റികള്‍ കൊടുത്തിരുന്നത് എം ഡി ഡിഗ്രി ആയിരുന്നു. മിക്കവാറും എല്ലാ പുറം രാജ്യങ്ങളും- അമേരിക്ക ഉള്‍പ്പെടെ- കൊടുക്കുന്ന ആദ്യത്തെ മെഡിക്കല്‍ ഡിഗ്രി എം ഡി ആണ്. അതിനെ ഇന്ത്യയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയായി അംഗീകരിക്കണമെന്ന് പറഞ്ഞ് ഒരു പ്രക്ഷോഭം തന്നെ എഴുപതുകളില്‍ ഉണ്ടായി. ഏതായാലും വേഗം കാര്യങ്ങള്‍ മനസ്സിലാക്കിയ മെഡിക്കല്‍ കൗണ്‍സില്‍ “വിദേശ ഡോക്ടര്‍”മാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റാറ്റസിനു പകരം ഇന്ത്യയില്‍ ഒരു “ക്വാളിഫയിംഗ്” പരീക്ഷ പാസ്സായാല്‍ മാത്രമേ പ്രാക്ടീസ് അനുവദിക്കൂ എന്നൊരു നിബന്ധനയും കൊണ്ടുവന്നു.

ഏതായാലും ഇന്ന് റഷ്യന്‍ സാമ്രാജ്യം തകര്‍ന്നു. 15 ഓളം ചെറു രാജ്യങ്ങള്‍ റഷ്യക്കു ചുവട്ടിലായുണ്ട്. ഇവയിലെല്ലാം ഇന്ത്യക്കാര്‍ പഠിക്കുന്ന രണ്ടോ മൂന്നോ കോളജുകളും ഉണ്ട്. ചൈന, തായ്‌ലന്റ്, നേപ്പാള്‍, മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം കോളജുകള്‍ ഉണ്ട്. ഇവയുടെ മിനിമം പ്രവേശ മാര്‍ക്കുകള്‍ വ്യത്യസ്തവും പലപ്പോഴും വളരെ നിലവാരം കുറഞ്ഞതും ആണ്. ഇന്ന് കെ എസ് രാധാകൃഷ്ണന്റെ പി എസ് സി പരീക്ഷക്കിരിക്കുന്നവരില്‍ ഏകദേശം 20-30 ശതമാനം “ഫോറിന്‍ വിദ്യാര്‍ഥി”കളാണ് താനും.

കൊല്ലം തോറും 2000ലധികം “ഫോറിന്‍ എം ഡി”കള്‍ ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് ഇന്ത്യന്‍ ബോര്‍ഡ് നടത്തുന്ന ഒരു പരീക്ഷ പാസ്സാകണമെന്നു പറഞ്ഞല്ലോ. ഈ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താന്‍ ധാരാളം “മിടുക്കന്മാരായ” ഡോക്ടര്‍മാരും ഉണ്ട്. രണ്ടോ മൂന്നോ ലക്ഷം അവര്‍ക്ക് നല്‍കണമെന്ന് മാത്രം. ഇതെഴുതുന്ന വ്യാജന്മാര്‍ക്കും നല്ല വരമാണ്. കാലങ്ങളായി ബീഹാറിലും മറ്റും നടന്നിരുന്ന കാര്യം പുറത്തുവന്നത് ഈയിടെ ബീഹാറില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ കൈയോടെ പിടികൂടിയപ്പോള്‍ മാത്രമാണ്. ഇത് നോക്കുമ്പോള്‍ കേരളത്തിലെ പഴയ വ്യാജ ഡോക്ടര്‍മാര്‍ എത്രയോ വിവരമുള്ളവരായിരുന്നു എന്ന് കാണാം.
ഇന്ന് മെഡിക്കല്‍ വ്യവസായം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമാണ്. അത്ഭുതകരമെന്ന് പറയട്ടെ, ഒന്നാമത്തെ വ്യവസായം വിദ്യാഭ്യാസമാണ്. ഇവ രണ്ടും കൂടി ചേര്‍ക്കുമ്പോള്‍ സ്വര്‍ണവും രത്‌നവും കൂടിച്ചേര്‍ന്ന പോലെ വ്യവസായം മൂര്‍ധന്യത്തിലെത്തും. ഈ മൂശയില്‍ വാര്‍ത്തെടുത്ത കുറേ ഡോക്ടര്‍മാര്‍ (ഭൂരിപക്ഷമായി) ഉള്ളപ്പോള്‍ നമുക്ക് ആരോഗ്യ പരിരക്ഷാ രംഗം എങ്ങനെ ശുദ്ധീകരിക്കാനാകും?

Latest