ഖത്തര്‍ അമീര്‍ അധികാരം കൈമാറി

Posted on: June 26, 2013 7:34 am | Last updated: June 26, 2013 at 7:34 am
SHARE

qatar rulerദോഹ: ഖത്തറില്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി അധികാരം മകന് കൈമാറി. 33 കാരനും രണ്ടാമത്തെ പുത്രനുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കാണ് അധികാരം കൈമാറിയത്. ഇതോടെ ജി സി സി രാജ്യങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയെന്ന ഖ്യാതിക്കും ശൈഖ് തമീം ഉടമയായി.
താന്‍ സ്ഥാനമൊഴിയുകയാണെന്നും അധികാരം ശൈഖ് തമീമിന് കൈമാറുകയാണെന്നും 61 കരനായ ശൈഖ് ഹമദ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. പുതിയ തലമുറയിലൂടെ രാജ്യത്തിന് കൂടുതല്‍ പുരോഗതിയും ഊര്‍ജവും കൈവരിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇതോടെ പുതിയ കാബിനറ്റ് നിലവില്‍ വരും. നിരവധി യുവാക്കള്‍ ഉള്‍ക്കൊള്ളുന്നതാകും പുതിയ കാബിനറ്റ്.
എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്തിന് മാറ്റമുണ്ടാകില്ല. ഒരു മാസത്തോളമായി അധികാരം ഒഴിയാന്‍ ശൈഖ് ഹമദ് തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അദ്ദേഹം രാജകുടുംബാംഗങ്ങളുടെയും ഉപദേശകരുടെയും യോഗം വിളിച്ചിരുന്നു. ഇതിലാണ് സ്ഥാനം ഒഴിയുന്നുവെന്ന് അദ്ദേഹം അറിയിച്ചത്.