കോണ്‍ഫെഡറേഷന്‍സ് കപ്പ്: അസൂറികള്‍ക്കുമേല്‍ കാനറി വിജയഗാഥ

Posted on: June 23, 2013 8:23 am | Last updated: June 23, 2013 at 8:24 am
SHARE

confederationസാല്‍വദോര്‍: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുന്‍ ലോക ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ ഇറ്റലിയെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് കീഴടക്കി ബ്രസീല്‍ സെമിയില്‍ കടന്നു. ഇരട്ട ഗോള്‍ നേടിയ ഫ്രെഡും (67, 88 മിനിറ്റ്) ഡാന്റെയും (45) നെയ്മറു (55)മാണ് ബ്രസീലിന് വിജയം ഉറപ്പാക്കിയത്. ഗ്യാച്ചെറീനിയുടെയും (51) ഷില്ലിനിയുടെയും (71) വകയായിരുന്നു ഇറ്റലിയുടെ ഗോളുകള്‍. ബ്രസീലും ഇറ്റലിയും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. തോറ്റതോടെ, ഇറ്റലി രണ്ടാം സ്ഥാനക്കാരായി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രസീല്‍ മത്സരത്തില്‍ മുന്നില്‍ക്കയറി. ഡേവിഡ് ലൂയിസിന് പകരക്കാരനായി ഇറങ്ങിയ ബയേണ്‍ മ്യൂണിക് താരം ബോണ്‍ഫിം ഡാന്റെയുടെ വകയായിരുന്നു ഗോള്‍. ഇടതുവിങ്ങില്‍ നെയ്മറെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മര്‍ എടുത്ത ഫ്രീക്കിക്ക് ഫ്രെഡ് ഗോളിലേക്ക് ഹെഡ് ചെയ്തു. ഫ്രെഡിന്റെ ഹെഡ്ഡര്‍ ഗോളി ജിയാന്‍ല്യൂജി ബഫണ്‍ തട്ടിത്തെറിപ്പിച്ചെങ്കിലും റീബൗണ്ട് ഡാന്റെ തട്ടിവലയിലാക്കുകയായിരുന്നു.

തുടരെ ആക്രമണങ്ങള്‍ സാക്ഷ്യം വഹിച്ച രണ്ടാം പകുതി ആവേശകരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഇറ്റലി തിരിച്ചടിച്ചു. 51ാം മിനിറ്റില്‍ ഇമ്മാനുവല്‍ ഗ്യാച്ചെറീനിയാണ് ബ്രസീലിന്റെ വലകുലുക്കിയത്. തൊട്ടുപിന്നാലെ നെയ്മര്‍ ബ്രസീലിന്റെ ലീഡുയര്‍ത്തി. ബോക്‌സിനുമുന്നില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്കില്‍നിന്ന് നെയ്മര്‍ ടൂര്‍ണമെന്റിലെ തന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. 66ാം മിനിറ്റില്‍ ഫ്രെഡ് ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടി. എന്നാല്‍, 72ാം മിനിറ്റില്‍ ഷില്ലിനിയൂടെ ഗോളില്‍ ഇറ്റലി വീണ്ടും തിരിച്ചടിച്ചു. എന്നാല്‍, 88ാം മിനിറ്റില്‍ ഫ്രെഡിന്റെ രണ്ടാം ഗോള്‍ ബ്രസീലിന്റെ വിജയമുറപ്പിച്ചു.

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിക്കഴിഞ്ഞ മെക്‌സിക്കോയും ജപ്പാനും തമ്മിലുള്ള മത്സരത്തില്‍ മെക്‌സിക്കോ ജപ്പാനെ 2-1ന് തോല്‍പിച്ചു.
രണ്ടാം പകുതിയില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്‌സിക്കോയുടെ രണ്ടുഗോളുകളും നേടിയത്. കളിയവനാസിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒക്കാസാക്കി ജപ്പാനുവേണ്ടി ഒരുഗോള്‍ മടക്കി.