Connect with us

Kerala

അവരെത്തി; മരണ മുഖത്ത് നിന്ന് ജീവന്റെ സുരക്ഷിതത്വത്തിലേക്ക്‌

Published

|

Last Updated

പയ്യന്നൂര്‍: കുത്തിയൊഴുകുന്ന ഗംഗാനദിയുടെയും ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന മലയിടുക്കുകളുടെയും നടുവില്‍ നിന്ന് മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പാലം കടന്ന് തീര്‍ഥാടകസംഘത്തിലെ കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ നമ്പൂതിരിയും സംഘവും തിരിച്ചെത്തി. കരിവെള്ളൂര്‍ കൊടക്കാട് യോഗക്ഷേമ സഭയുടെയും ശ്രീസദാശിവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ബദരീനാഥിലേക്ക് പോയ 55 അംഗ സംഘമാണ് മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയത്. കാശി, മധുര, ഹരിദ്വാര്‍, ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഈ മാസം ഏഴിനാണ് 35 സ്ത്രീകളടക്കമുള്ള സംഘം ട്രെയിന്‍ മാര്‍ഗം യാത്രതിരിച്ചത്.
നിരവധി തവണ ഇവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കോ ഓര്‍ഡിനേറ്റര്‍ ശ്രീധരന്‍ നമ്പൂതിരിക്ക് ഈ യാത്ര സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
ഡല്‍ഹിയിലെത്തിയ സംഘം പിന്നീട് രണ്ട് ബസുകളിലാണ് യാത്ര തുടര്‍ന്നത്. സംഘത്തിലെ 45 പേരും 60 വയസ്സ് കഴിഞ്ഞവര്‍. 15ന് രാവിലെ ബദരീനാഥിനെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നപ്പോഴാണ് ദുരനുഭവം പേമാരിയുടെ രൂപത്തില്‍ എത്തിയത്. 15ന് രാത്രി ഒമ്പത് മണിയോടെ ജ്യോതിര്‍മഠത്തിലെത്തിയ സംഘത്തെ വരവേറ്റത് പെരുമഴയാണ്.
മഴ കനത്തതോടെ ഗതാഗതം തടസ്സപ്പെട്ടു. ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങാനാകാതെ ഒരു രാത്രി മുഴുവന്‍ വാഹനത്തിനുള്ളില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. കൈവരി തകര്‍ന്ന ഒരു പാലത്തിലാണ് രാത്രി കഴിഞ്ഞത്. വാഹനത്തില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ കാണുന്നത് കുത്തിയൊഴുകുന്ന ഗംഗാ നദി. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സംഘത്തിലെ അംഗങ്ങളെ അനുവദിക്കാതെ ശ്രീധരന്‍ നമ്പൂതിരി എല്ലാവരെയും സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ബദരീനാഥില്‍ നിന്ന് 25 കി. മീ. ദൂരെയുള്ള സിക്ക് മത തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഈ സമയത്ത് ഒഴുകിയെത്തിയ പതിനായിരങ്ങളാണ് യാത്രാതടസ്സമുണ്ടാകാന്‍ വലിയ കാരണമായത്. അപ്പോഴേക്കും ഇനി മുന്നോട്ട് യാത്ര തുടരുവാന്‍ സാധിക്കില്ലെന്ന് സംഘത്തിന് പട്ടാള മുന്നറിയിപ്പ് കിട്ടിയിരുന്നു.
യാത്ര തുടരേണ്ട റോഡുകളും നിരവധി പാലങ്ങളും മലവെള്ള പാച്ചിലില്‍ ഒഴുകിപ്പോയിരുന്നു. ഒരാഴ്ച കഴിഞ്ഞാലേ ഇനി യാത്രക്ക് സാധിക്കൂവെന്ന നിര്‍ദേശം ലഭിച്ചതോടെ മടങ്ങുകയെന്ന വഴി മാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ. രണ്ട് മണിക്കൂര്‍ ശ്രമിച്ചാണ് വാഹനത്തിന് മടങ്ങാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കുറെ ഭാഗത്ത് മല ഇടിഞ്ഞുകഴിഞ്ഞിരുന്നു. മറു ഭാഗത്ത് അഞ്ചാള്‍ പൊക്കത്തില്‍ ഗംഗാനദി കലിതുള്ളി പാഞ്ഞുകൊണ്ടിരുന്നു. അടുത്ത ഒരു പകല്‍ യാത്ര ചെയ്യാനായത് 20 കിലോമീറ്റര്‍ മാത്രം.
ഓരോ സ്ഥലങ്ങള്‍ പിന്നിടുമ്പോഴും കണ്‍മുമ്പിലെ ദുരന്തങ്ങള്‍ കണ്ട് പകച്ചുപോയെന്ന് ശ്രീധരന്‍ നമ്പൂതിരി സാക്ഷ്യപ്പെടുത്തുന്നു. ഏറെ ദൂരം പിന്നിട്ട് ഒരു കുഗ്രാമത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ഒരിക്കലും മറക്കാന്‍ സാധിക്കില്ല. 2000 പേര്‍ക്ക് കഴിയാന്‍ സാധിക്കുന്ന അവിടെ 20,000ത്തോളം പേര്‍ എത്തിപ്പെട്ടിരിക്കുന്നു. ഇത്രയും പേരുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ തളംകെട്ടി നിന്നതിനാല്‍ പ്രദേശത്ത് ഏത് നിമിഷവും പകര്‍ച്ച രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥയാണ്.
രക്ഷപ്പെടാനുള്ള വഴി തേടി സംസ്ഥാന സര്‍ക്കാറിനെയും ഉത്തരാഖണ്ഡ് സര്‍ക്കാറിനെയും ബന്ധപ്പെട്ടെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് ശ്രീധരന്‍ നമ്പൂതിരി പറഞ്ഞു. ദുര്‍ഘടമായ വഴിയിലൂടെ സാഹസികമായി യാത്ര ചെയ്താണ് സംഘം സുരക്ഷിത സ്ഥലത്ത് എത്തിച്ചേര്‍ന്നത്. ഹിമാലയത്തിലെ ദേശീയ പാതയില്‍ എത്തുമ്പോഴേക്കും സംഘാംഗങ്ങള്‍ പൂര്‍ണമായും തളര്‍ന്നിരുന്നു.