Connect with us

Malappuram

ജനവാസ മേഖലയില്‍ പട്ടാപ്പകല്‍ കാട്ടാനയുടെ വിളയാട്ടം; പരിഭ്രാന്തരായി നാട്ടുകാര്‍

Published

|

Last Updated

നിലമ്പൂര്‍: മലയോര മേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി പട്ടാപകല്‍ ഒറ്റയാന്റെ വിളയാട്ടം. അമരമ്പലം ഗ്രാമപഞ്ചായത്തിലെ ചുള്ളിയോട് മുതല്‍ ചെട്ടിപ്പാടം വരെയുള്ള ഭാഗങ്ങളിലാണ് ആന നാശം വിതച്ചത്.
കരുളായി വനമേഖലയിലെ ഉണ്ണിക്കുളും ഭാഗത്ത് നിന്നും വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാന്‍ എട്ട് കിലോ മീറ്ററോളം ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് ചെട്ടിപ്പാടം കണക്കന്‍ചോല ഭാഗത്ത് എത്തുകയായിരുന്നു. പരമ്പരാഗത സഞ്ചാര മാര്‍ഗത്തില്‍ നിന്നും വഴി മാറി ജനവാസ മേഖലയില്‍ ഒറ്റപ്പെട്ട കൊമ്പന്‍ ജനക്കൂട്ടത്തെ കണ്ടതോടെ വിരണ്ട് ഓടാന്‍ തുടങ്ങി. പുതിയ വീട്ടില്‍ ദിവാകരന്റെ റബര്‍ തോട്ടത്തിലുണ്ടായിരുന്ന മാനിരി ബഷീര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ആന തുമ്പി കൈയില്‍ ചുഴറ്റി വലിച്ചെറിഞ്ഞു.
ചെട്ടിപ്പാടം തോള്‍പ്പാറ മലയോര പാത മുറിച്ച് കടന്ന ശിവഗിരി എസ്റ്റേറ്റ് വഴി നാട്ടുകല്ലിലെ റബര്‍ തോട്ടത്തിലെത്തി നാട്ടുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പറമ്പ ഗവ. യു പി സ്‌കൂളിന് സമീപത്ത് വരെ ഓടിയ ആന ചുള്ളിയോട് ഭാഗത്തേക്ക് തന്നെ തിരിഞ്ഞു. റേഷന്‍ കടക്ക് സമീപമെത്തിയ ആന തച്ചിനാടത്ത് ഭാനുമതിയമ്മയുടെ ഓട്ടോറിക്ഷ തട്ടി മറിച്ചു. പറമ്പ ഗവ. യു പി സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുകയായിരുന്നു ഓട്ടോറിക്ഷ. വാഹനത്തിലെ കുട്ടികളുമായി വനിതാ ഡ്രൈവര്‍ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ചുള്ളിയോട് ക്‌നാനായ കോണ്‍വന്റിന്റെ മതില്‍ തകര്‍ത്ത് ഏലകല്ല് ഭാഗത്തേക്ക് നീങ്ങിയ ആന ഇരുകുറ്റിയാനു സമീപം ചുള്ളിയോട് തോള്‍പാറ പാതയിലേക്കിറങ്ങി. ആനയെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ബൈക്ക് യാത്രികന്‍ പുളിയങ്കല്ല് സുകുമാരന് ഓവു ചാലിലേക്ക് വീണ് പരുക്കേറ്റു.
മലയോര പാതയിലൂടെ സര്‍വീസ് നടത്തുന്ന വാഹനങ്ങളും സ്‌കൂള്‍ ബസുകളും അധികൃതര്‍ വഴി തിരിച്ച് വിട്ടു. കാട്ടിലേക്ക് മടങ്ങും വഴി എറശന്‍ ശിഹാബിന്റെ വീടിന്റെ അടുക്കളയും മൂര്‍ഖന്‍ സദക്കത്തുള്ളയുടെ മതിലിന്റെ ഭാഗവും തകര്‍ത്തു. റോഡ് മുറിച്ച് കടന്ന ഒറ്റയാന്‍ തെക്കേമുണ്ട വഴി ചെരങ്ങാതോട് കടന്ന് ഉച്ചക്ക് 11 മണിയോടെയാണ് വനത്തിലേക്ക് മടങ്ങിയത്.