ഊര്‍ജ പ്രതിസന്ധി ഒരു തട്ടിപ്പിന് ഇന്ധനമാക്കുന്നത് ഇങ്ങനെ

Posted on: June 22, 2013 6:01 am | Last updated: June 22, 2013 at 12:51 pm
SHARE

solar panelകേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെ മുതലെടുത്തുകൊണ്ട് 10,000 കോടി രൂപയുടെ സോളാര്‍ പദ്ധതിക്ക് അനുമതി തരപ്പെടുത്തിക്കൊടുക്കാനും അതുവഴി 500 കോടി രൂപയുടെ കമ്മീഷന്‍ നേടിയെടുക്കാനുമാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതരും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിച്ചത്. സരിതാ എസ് നായരും ബിജു രാധാകൃഷ്ണനും നേതൃത്വം കൊടുക്കുന്ന ടീം സോളാര്‍ എന്ന കറക്കു കമ്പനിക്ക് പണം വാരിക്കൂട്ടാനും ജനങ്ങളെ കൊള്ളയടിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുകൊടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആഗോളവത്കരണ നയങ്ങള്‍ മാഫിയാ മൂലധന ശക്തികള്‍ക്ക് എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മറി കടന്നു സമ്പദ്ഘടനയിലെ സമസ്ത മണ്ഡലങ്ങളിലും ഇടപെടാനുള്ള സാഹചര്യമാണ് ലോകത്തെല്ലായിടത്തും സൃഷ്ടിച്ചിട്ടുള്ളത്. സ്വകാര്യവത്കരണ ഉദാരവത്കണ നയങ്ങള്‍ ഫൈനാസ് മൂലധനത്തിന്റെ ക്രിമിനല്‍ വൃത്തികള്‍ക്കും വ്യാപനത്തിനുമാവശ്യമായ ഘടനാപരമായ പരിഷ്‌കാരങ്ങളെ ലക്ഷ്യം വെക്കുന്നതാണല്ലോ. ഈയൊരു സാഹചര്യമാണ് എല്ലാ തരത്തിലുമുള്ള സാമൂഹിക ജീര്‍ണതകളെയും ക്രിമിനല്‍ വൃത്തികളെയും പേറുന്ന ധനപ്രഭുക്കന്മാര്‍ക്ക് ഭരണകൂട സംവിധാനങ്ങളെ നിയന്ത്രിക്കാവുന്ന അധികാര ശക്തിയാകാന്‍ അവസരമൊരുക്കുന്നത്. സാമൂഹിക നിയന്ത്രണ തത്വങ്ങളെയും പൊതുമേഖലയെയും തകര്‍ക്കുന്ന ഉദാരവത്കരണ നയങ്ങളുടെ ചുവട് പിടിച്ചാണ് വന്‍കിട അഴിമതിക്കാരും മാഫിയാ മൂലധന ശക്തികളും സമ്പദ്ഘടനയിലും ഭരണരംഗത്തും പിടി മുറുക്കുന്നത്.
സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം ഉപയോഗിച്ചാണ് സരിതാ എസ് നായരും ബിജു രാധാകൃഷ്ണനും സോളാര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍ നടത്തിയത്. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കേരളത്തെ തള്ളിവിടുന്നത് യു ഡി എഫ് നയങ്ങളാണ്. സ്വകാര്യവത്കരണ, ഉദാരവത്കരണ നയങ്ങളാണ് വൈദ്യുതി മേഖലയില്‍ ആസൂത്രണമോ സര്‍ക്കാര്‍ ഇടപെടലോ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചത്. ആഭ്യന്തരമായ വൈദ്യുതി ആവശ്യത്തെ കണക്കിലെടുത്തുകൊണ്ടുള്ള ഉത്പാദന, പ്രസരണ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ അഭാവമാണ് ടീം സോളാര്‍ പോലുള്ള കറക്കു കമ്പനികള്‍ക്ക് തട്ടിപ്പ് നടത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തത്.
വൈദ്യുതി രംഗത്തെ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങളില്‍ നിന്നും സര്‍ക്കാറിന്റെ അശാസ്ത്രീയമായ സമീപനങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി സോളാര്‍ തട്ടിപ്പ് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല. സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ള ആസൂത്രണത്തെയും ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളെയും അട്ടിമറിച്ചുകൊണ്ടാണ് തട്ടിപ്പു സംഘങ്ങള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നത്. യു ഡി എഫ് സര്‍ക്കാറിന്റെ നവ ഉദാരവത്കരണ നയത്തിലധിഷ്ഠിതമായ വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണ സമീപനം തട്ടിപ്പ് സംഘങ്ങള്‍ക്ക് ഈ രംഗത്ത് വിലസാന്‍ അവസരം സൃഷ്ടിച്ചു.
2013-14ല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 22,000 ദശലക്ഷം യൂനിറ്റ് വരുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 7000-8000 ദശലക്ഷം യൂനിറ്റ് വരെയാണ് നിലവിലുള്ള ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് പരമാവധി ലഭ്യമാകുക. ബാക്കിവരുന്ന 14,000 ദശലക്ഷം യൂനിറ്റ് വൈദ്യുതി കേരളത്തിലെ തന്നെ മറ്റു നിലയങ്ങളില്‍ നിന്നും കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി കമ്പോളത്തില്‍ നിന്നും ലഭ്യമാകേണ്ടതാണ്. കേരളത്തിലെ കായംകുളം, ബ്രഹ്മപുരം, കോഴിക്കോട്, കാസര്‍കോട്, കൊച്ചി താപനിലയങ്ങളില്‍ നിന്നു ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 12 രൂപയോളം വരും. കേന്ദ്ര പൂളില്‍ നിന്ന് പരമാവധി കിട്ടാവുന്ന വൈദ്യുതി 8,600-9000 ദശലക്ഷം യൂനിറ്റാണ്. 2000-3000 ദശലക്ഷം യൂനിറ്റ് വൈദ്യുതി കമ്പോളത്തില്‍ നിന്ന് വാങ്ങേണ്ടിവരുന്നു. ഇതിനാണെങ്കില്‍ പീക്ക് ലോഡ് സമയങ്ങളില്‍ യൂനിറ്റിന് 16 രൂപയോളം വില വരും. പുറത്തു നിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശേഷിക്കുറവ് ഇങ്ങനെ യഥേഷ്ടം വൈദ്യുതി കൊണ്ടുവരുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
കേരളത്തിന്റെ 2016-17ലെ വൈദ്യുതി ആവശ്യം 4419 മെഗാവാട്ടും 2021-22ലേത് 6093 മെഗാവാട്ടും ആയിരിക്കുമെന്നാണ് 18-ാം പവര്‍ സര്‍വേ പറയുന്നത്. ഇത് നിറവേറ്റണമെങ്കില്‍ നമ്മുടെ സ്ഥാപിതശേഷി 2016-17ല്‍ 6500 മെഗാവാട്ടും 2021-22ല്‍ 8500 മെഗാവാട്ടും ആയിരിക്കണം. ഇപ്പോഴുള്ള ആഭ്യന്തരമായ ശേഷി 2873 മെഗാവാട്ടും കേന്ദ്ര പൂളില്‍ നിന്നു ലഭിക്കുന്ന 1273 മെഗാവാട്ടും അടക്കം 4146 മെഗാവാട്ടാണ്. അടുത്ത വര്‍ഷം കൊണ്ട് കേന്ദ്ര പൂളില്‍ നിന്ന് കൂടുതലായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 500 മെഗാവാട്ടും പുറത്തുനിന്ന് വാങ്ങുന്ന 500 മെഗാവാട്ടും കഴിച്ച് ബാക്കി 1354 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി പുതുതായി ഉത്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഈയൊരു ഉത്തരവാദത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സ്വകാര്യസോളാര്‍ കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും ചെയ്തത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പള്ളിവാസല്‍(60 മെഗാവാട്ട്) തോട്ടിയാര്‍ (40 മെഗാവാട്ട്) പദ്ധതികള്‍ കാര്യമായ പുരോഗതിയില്ലാതെ കിടക്കുകയാണ്. ഇടതു ഭരണകാലത്ത് ടെന്‍ഡര്‍ ചെയ്തതും പണി തുടങ്ങിയതുമായ പദ്ധതികളില്‍ മണിയാര്‍ ടെയല്‍ റെയ്‌സ്(നാല് മെഗാവാട്ട്) പീച്ചി(1. 25 മെഗാവാട്ട്) എന്നിവ മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വിലങ്ങാട്, ബാരാപോള്‍ എന്നിവയുടെ പണി കുറച്ചെങ്കിലും പുരോഗമിച്ചിട്ടുണ്ട്.
ഈ പദ്ധതികള്‍ക്ക് പുറമെ ഒഡീഷയിലെ ബൈതരണിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1000 മെഗാവാട്ട് നിലയത്തിനാവശ്യമായ കല്‍ക്കരിപ്പാടം യു ഡി എഫ് സര്‍ക്കാറിന്റെ അനാസ്ഥ മൂലം നഷ്ടപ്പെട്ടിരിക്കയാണ്. ചീമേനി പദ്ധതിയും അനിശ്ചിതത്വത്തിലാണ്. വന്‍തോതില്‍ ആഭ്യന്തരമായി വൈദ്യുതി ഉത്പാദനം ലക്ഷ്യം വെച്ചുകൊണ്ട് ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും ഈ സര്‍ക്കാര്‍ പൊളിച്ചിരിക്കയാണ്. കേരളത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കും വികസന പ്രതിസന്ധിയിലേക്കുമാണ് സര്‍ക്കാര്‍ നയങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ആഭ്യന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള എല്ലാ പദ്ധതികളെയും വേണ്ടത്ര ശ്രദ്ധിക്കാതെ എല്ലാ പ്രശ്‌നങ്ങളും സോളാര്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് വന്‍ തട്ടിപ്പ് സംഘടിപ്പിച്ചത്. അങ്ങനെ ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നു. സരിതമാരെയും ശാലു മേനോന്‍മാരെയും രംഗത്തിറക്കി സ്വകാര്യ സൗരോര്‍ജ പദ്ധതികള്‍ക്കാവശ്യമായ അന്തരീക്ഷം ഒരുക്കുകയാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതന്മാരും ഓഫീസും ചെയ്തത്. സൗരോര്‍ജ രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടിനെ പോലും അവഗണിച്ചുകൊണ്ടാണ് ‘ടീം സോളാര്‍’ പോലുള്ള കറക്കുകമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്.
കേരളത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് ഇന്ന് എത്രത്തോളം കഴിയുമെന്ന കാര്യം പോലും ശാസ്ത്രീയമായി പഠിക്കാതെയാണ് ജനങ്ങളില്‍ നിന്ന് പണം വാരിക്കൂട്ടാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നത്. ഒരു മെഗാവാട്ട് സോളാര്‍ പദ്ധയില്‍ നിന്ന് 1. 6 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഒരു വര്‍ഷം പരമാവധി ലഭിക്കുക. ഇതിനാകട്ടെ പത്ത് കോടി രൂപയെങ്കിലും മുതല്‍മുടക്ക് വേണം. സോളാര്‍ വൈദ്യുതി പകല്‍ മാത്രമേ ലഭിക്കൂ. രാത്രി ലഭിക്കണമെങ്കില്‍ ഇത്രയും വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ചുവെക്കാനുള്ള സൗകര്യം വേണം. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായി വിഭാവനം ചെയ്യപ്പെട്ട ഇവാന്‍ പാ സോളാര്‍ ഇലക്ട്രിക് ജനറേറ്റിംഗ് സിസ്റ്റം ഇനിയും പൂര്‍ത്തിയായിട്ടില്ല. വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ശേഖരിച്ചുവെക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ കാലിഫോര്‍ണിയയില്‍ പോലും പരീക്ഷണ ഘട്ടത്തിലാണ്.
വലിയ തോതില്‍ വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള ബാറ്ററി സംവിധാനം ചെലവ് കൂടിയതാണ്. സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് സ്ഥിരസ്വഭാവമില്ലാത്തതിനാല്‍ അതിനെ മാത്രം ആശ്രയിച്ച് ഒരു വൈദ്യുതി ശൃംഖലക്ക് നിലനില്‍പ്പുമില്ല. പരമ്പരാഗത സ്രോതസ്സുകള്‍ ശക്തിപ്പെടുത്തി നിലനിര്‍ത്തിക്കൊണ്ടേ പാരമ്പര്യേതര സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ പറ്റൂ. മൊത്തം സ്ഥാപിത ശേഷിയുടെ 15 ശതമാനത്തിലധികം പാരമ്പര്യേതര സ്രോതസ്സില്‍ നിന്നുള്ള വൈദ്യുതി ആയാല്‍ അത് വൈദ്യുതി ശൃംഖലയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിദഗ്ധന്മാരുടെ അഭിപ്രായം. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ട് ‘സോളാര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം’ എന്ന പ്രതീതി വന്‍ പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ച് കറക്കുകമ്പനികള്‍ക്ക് തട്ടിപ്പ് നടത്താന്‍ കളമൊരുക്കിക്കൊടുത്തു.

 

[email protected]