Connect with us

Sports

സ്‌പെയിന്‍ താരങ്ങളുടെ മുറിയില്‍ മോഷണം; തോക്കു ചൂണ്ടി ഭീഷണി

Published

|

Last Updated

റിയോ ഡി ജനീറോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തിയ സ്‌പെയിന്‍ താരങ്ങളുടെ ഹോട്ടല്‍ മുറിയില്‍ മോഷണം. ഉറുഗ്വെക്കെതിരെ ആദ്യ മത്സരത്തിന് പോയപ്പോഴാണ് ജെറാര്‍ഡ് പീക്വെ ഉള്‍പ്പടെ ആറ് സ്പാനിഷ് താരങ്ങളുടെ മുറിയില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും അപഹരിച്ചത്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഫിഫ വക്താവ് പെക്ക ഒഡ്രിസോല പറഞ്ഞു.
ബ്രസീല്‍ ഗോളി ജൂലിയോ സീസറിന്റെ ഭാര്യയെയും മോഷ്ടാക്കള്‍ ഭയപ്പെടുത്തി. തോക്ക് ചൂണ്ടിയ യുവാക്കള്‍ സൂസന്ന വെര്‍നറെ ഭയപ്പാടില്ലാക്കി. എന്നാല്‍, കാറുള്‍പ്പടെയുള്ളതെല്ലാം എടുത്ത് തന്റെ ജീവന്‍ സുരക്ഷിതമാക്കണമെന്ന് സൂസന്ന അപേക്ഷിച്ചപ്പോള്‍ മോഷ്ടാക്കള്‍ പിന്തിരിഞ്ഞു. ബ്രസീലില്‍ സ്ഥിരം നടക്കുന്ന മോഷണ നാടകങ്ങളിലൊന്ന് മാത്രമാണിത്. രാത്രികാലങ്ങളില്‍ ടാക്‌സികള്‍ കേന്ദ്രീകരിച്ചും ബസിലും ഇത്തരം മോഷണശ്രമങ്ങള്‍ നടക്കാറുണ്ട്. അടുത്ത വര്‍ഷം ലോകകപ്പ് വേദിയാകുന്ന ബ്രസീലിന് വലിയ തലവേദന സൃഷ്ടിക്കുകയാണ് മോഷ്ടാക്കള്‍. ഒരു ഭാഗത്ത് പ്രക്ഷോഭം ഉയരുമ്പോള്‍ മറുഭാഗത്ത് മോഷ്ടാക്കളുടെ തേര്‍വാഴ്ച. കനത്ത സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആശങ്ക നീങ്ങിയിട്ടില്ല. ലോകകപ്പിനെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ഇതിനകം ബ്രസീല്‍ സര്‍ക്കാറിനും ഫിഫക്കും ലഭിച്ചു കഴിഞ്ഞു.

Latest