Connect with us

Gulf

60 വില്ലകളില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

Published

|

Last Updated

ദുബൈ: അല്‍ ഖൂസ് പ്രദേശത്ത് കെട്ടിട സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത 60 വില്ലകളില്‍ നഗരസഭ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. വരും ദിവസങ്ങളില്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത കൂടുതല്‍ വില്ലകള്‍ നടപടി നേരിടേണ്ടിവരും.
അല്‍ ഖൂസ് പ്രദേശത്ത് ദിവയുടെയും ദുബൈ പോലീസിന്റെയും സഹായത്തോടെയാണ് നടപടികള്‍ ആരംഭിച്ചത്. കെട്ടിട സുരക്ഷാ നിയമങ്ങളുടെ അടിസ്ഥാന നിബന്ധനകള്‍ പോലും പാലിക്കപ്പെടാത്തതും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയതുമായ കെട്ടിടങ്ങളില്‍ ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് അപകടകരവും നിയമവിരുദ്ധവുമാണ്. നഗരസഭാ ബില്‍ഡിംഗ് വിഭാഗം അസി. ഡയറക്ടര്‍ എഞ്ചിനീയര്‍ യൂസുഫ് അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു. ഇത്തരം കെട്ടിടങ്ങളില്‍ പലതും നഗരസഭയുടെ അനുമതി ലഭിക്കാതെ നിര്‍മിച്ചവയാണ്. ചിലതില്‍ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയവയും. അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവയുമുണ്ട്. ആവശ്യത്തിന് വായുസഞ്ചാരമോ സൂര്യപ്രകാശമോ ലഭിക്കാത്തതുമുണ്ട്.
പെട്ടെന്ന് തീപിടിക്കുന്ന മരത്തിന്റെ പലകകളും ഹാര്‍ഡ് ബോര്‍ഡുകളും ആരോഗ്യത്തിന് ഹാനികരമായ അസ്ബറ്റോസ് ഷീറ്റുകള്‍ കൊണ്ടും ഉണ്ടാക്കിയവയും ഇതിലുണ്ട്. വൈദ്യുതി-വെള്ളം വിച്ഛേദിച്ചത് ഒന്നാം ഘട്ട നടപടിയായിട്ടാണ്. രണ്ടാം ഘട്ട നടപടിയായ പൊളിച്ചുമാറ്റല്‍ ഉടന്‍ ആരംഭിക്കും. 2009 മുതല്‍ ആറ് തവണയിലധികം ഇത്തരം കെട്ടിട ഉടമകള്‍ക്ക് നോട്ടീസും മുന്നറിയിപ്പും നല്‍കിയിരുന്നുവെന്നും അതിനുശേഷമാണ് വൈദ്യുതി-വെള്ളം ബന്ധം വിച്ഛേദിച്ചതെന്നും നഗരസഭ കെട്ടിട പരിശോധനാ വിഭാഗം തലവന്‍ എഞ്ചിനീയര്‍ ജാബിര്‍ അല്‍ അലി പറഞ്ഞു.
ഇത്തരം താല്‍ക്കാലികവും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളില്‍ താമസിക്കുന്നവരില്‍ പലരും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ്. പലരും ഉപ വാടകക്കെടുത്ത് കഴിയുന്നവരാണ്. ഇതിലെ താമസക്കാരിലധികവും ബാച്ചിലര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധനയും വിട്ടുവീഴ്ചയില്ലാത്ത നടപടിയും തുടരുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

Latest