പ്രതിസന്ധി രൂക്ഷം; ‘നോക്കിയ’ വില്‍ക്കുന്നു

Posted on: June 21, 2013 5:21 pm | Last updated: June 21, 2013 at 5:21 pm
SHARE

nokia factoryഹെല്‍സിങ്കി: മൊബൈല ഫോണ്‍ വിപണി അടക്കിഭരിച്ചിരുന്ന നോക്കിയ ആന്‍ഡ്രോയിഡ് വിപ്ലവത്തില്‍ കാലിടറി വീഴുന്നു. സ്മാര്‍ട്ട് ഫോണുകള്‍ വിപണി പിടിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെ കമ്പനി വില്‍പ്പനക്ക് വെച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. നോക്കിയയെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്, ലെനോവോ, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഹ്വേവേ തുടങ്ങിയ കമ്പനികള്‍ രംഗത്ത് വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുസംബന്ധിച്ച് നോക്കിയയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.

സാംസംഗും ആപ്പിളും പുതുപുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി വിപണി കീഴടക്കിയതോടെയാണ് നോക്കിയയുടെ രാജകീയ വാഴ്ചക്ക് അന്ത്യമായത്. ആന്‍ഡ്രോയിഡുമായി സാംസംഗും ഐ ഒ എസുമായി ആപ്പിളും എത്തിയതോടെ നോക്കിയയുടെ സിംബിയന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രചാരം കുറഞ്ഞു. ഇത് തിരിച്ചറിഞ്ഞ കമ്പനി വിന്‍ഡോസ് ഫോണുകളിറക്കി ഒരു തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും അതും വിലപ്പോയില്ല. കഴിഞ്ഞ എട്ട് ത്രൈമാസങ്ങളില്‍ ഏഴെണ്ണത്തിലും കമ്പനി നഷ്ടത്തിലാണ് കലാശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ വിപണി മൂല്യം മൂന്നില്‍ രണ്ടായി ചുരുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫിന്‍ലാന്‍ഡ് ആസ്ഥാനമായ നോക്കിയയുടെ പ്രൊമോട്ടര്‍മാര്‍ കമ്പനി വിറ്റ് തടി രക്ഷപ്പെടുത്താന്‍ ഒരുങ്ങുന്നത്.