റിലയന്‍സ് ക്യാപ്പിറ്റല്‍ സ്വര്‍ണവില്‍പ്പന തല്‍ക്കാലത്തേക്ക് നിര്‍ത്തി

Posted on: June 21, 2013 4:26 pm | Last updated: June 21, 2013 at 4:26 pm
SHARE

releance capitalന്യൂഡല്‍ഹി: റിലയന്‍സ് ക്യാപ്പിറ്റല്‍ സ്വര്‍ണ വില്‍പ്പന തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. രാജ്യത്തെ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ഗവണ്‍മെന്റിനെ സഹായിക്കാനാണ് നടപടി. ഇതാദ്യമായാണ് ഒരു മുഖ്യ ധനകാര്യ സ്ഥാപനം സ്വര്‍ണ വില്‍പ്പന നിര്‍ത്തിവെച്ച് സര്‍ക്കാറുമായി സഹകരിക്കുന്നത്.

സ്വര്‍ണത്തിന്റെ എല്ലാ തരത്തിലുമുള്ള വില്‍പ്പനയും നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ക്യാപ്പിറ്റല്‍ വാര്‍്ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് റിലയന്‍സ് ക്യാപ്പിറ്റലിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ഡിവിഷന്‍ സ്വര്‍ണപണയം നല്‍കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. റിലയന്‍സിന്റെ സ്വര്‍ണനിക്ഷേപ പദ്ധതികളില്‍ പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കുന്നത് റിലയന്‍സ് ക്യാപ്പിറ്റല്‍ അസ്സറ്റ് മാനേജ്‌മെന്റും നിര്‍ത്തിവെച്ചു.

രാജ്യത്ത് സ്വര്‍ണം കുമിഞ്ഞുകൂടുന്നത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടരുതെന്നും ധനമന്ത്രി പി ചിദംബരം അടുത്തിടെ അഭ്യര്‍ഥിച്ചിരുന്നു.