വിദ്യാര്‍ഥികളെ ‘ഇന്റര്‍വ്യൂ’ ചെയ്യുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി: കലക്ടര്‍

Posted on: June 21, 2013 8:13 am | Last updated: June 21, 2013 at 8:13 am
SHARE

കോഴിക്കോട്: വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്ത് ബസില്‍ കയറ്റുന്ന രീതി നിര്‍ബന്ധമായും നിര്‍ത്തണമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ സി എ ലത വ്യക്തമാക്കി. കലക്ടറേറ്റില്‍ നടന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഈ അധ്യയന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച കണ്‍സഷന്‍ കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. റെഗുലര്‍ സ്‌കൂളുകളിലെയും കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ കാര്‍ഡ് നേരിട്ട് വിതരണം ചെയ്യും. പ്രൈവറ്റ് കോളജുകള്‍, ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവയുടെ മേധാവികള്‍ കാര്‍ഡ് പൂരിപ്പിച്ച ശേഷം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയോ ജോയന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയോ കൊണ്ട് ഒപ്പിടുവിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. ഒഴിവ് ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം. കുട്ടികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ സ്‌കൂളിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. അക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും വേണം. പ്രശ്‌നങ്ങള്‍ നോഡല്‍ ഓഫീസര്‍ ആര്‍ ടി ഒയെ ധരിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും മാത്രമായി പരീക്ഷണാടിസ്ഥാനത്തില്‍ ബസ് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് പന്തീരാങ്കാവിലെ ബസുടമകള്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് ആര്‍ ടി ഒ രാജീവ് പുത്തലത്ത്, വടകര ആര്‍ ടി ഒ നാരായണന്‍ പോറ്റി, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ദേവസ്യ, വിദ്യാര്‍ഥി- ബ സുടമ പ്രതിനിധികള്‍ പങ്കെടുത്തു.