കൊണ്ടോട്ടിക്ക് പൊന്‍തൂവലായി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്

Posted on: June 21, 2013 8:05 am | Last updated: June 21, 2013 at 8:05 am
SHARE

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പുതിയ ഗവ.കോളജ് തുടങ്ങുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ മണ്ഡലത്തില്‍ നടക്കുന്ന വികസനത്തിന് ഒരു പൊന്‍തൂവല്‍കൂടി.
ഫെബ്രുവരി 23 ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെയാണ് കോളജുകളില്ലാത്ത മണ്ഡലത്തില്‍ നിബന്ധനകളോടെ കോളജ് തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചത്. നിബന്ധന ഏറ്റെടുത്ത് കൊണ്ട് കെ മുഹമ്ദുണ്ണിഹാജി കത്ത് നല്‍കിയതോടെ മന്ത്രിസഭയും കോളജ് തുടങ്ങുന്നതിന് അനുമതി നല്‍കുകയായിരുന്നു. അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുക, ബില്‍ഡിംഗ് പണിയാന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് അനുവദിക്കുക, താത്കാലികമായി ക്യാമ്പസ് തുടങ്ങുന്നതിന് കെട്ടിടം നല്‍കുക എന്നീ മൂന്ന് നിബന്ധനകളാണ് എം എല്‍ എമാര്‍ക്ക് മുന്നില്‍ ധനമന്ത്രി വെച്ചത്.
ആകെ 22 കോളജുകളാണ് ഇത്തരത്തില്‍ തുടങ്ങേണ്ടത്. ഈ മൂന്ന് നിബന്ധനകളും അംഗീകരിച്ച് കൊണ്ട് മുഹമ്മദുണ്ണിഹാജി എം എല്‍ എ കത്ത് നല്‍കിയതോടെയാണ് കോളജിന് അംഗീകാരമായത്. കോളജ് തുടങ്ങുന്നതിനായുള്ള സ്‌പെഷ്യല്‍ ഓഫീസറെയും നിയമിച്ചു. കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുല്‍ഹമീദിനെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്.
കൊണ്ടോട്ടി ഗവ.കോളജ് അനുമതിയായെങ്കിലും സ്ഥലം വ്യക്തമായി നിജപ്പെടുത്തിയിട്ടില്ല. പല സ്ഥലങ്ങളും പരിഗണനയിലുണ്ട്. സ്‌പെഷ്യല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പ്രസ്തുത സ്ഥലം, തുടങ്ങേണ്ട കോഴ്‌സുകള്‍, താത്കാലിക കെട്ടിടം എന്നിവയെല്ലാം തീരുമാനമാകുമെന്നും ഏറെ താമസിയാതെ ഗവണ്‍മെന്റ് കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്നും മുഹമ്മുണ്ണിഹാജി എം എല്‍ എ അറിയിച്ചു.