Connect with us

Wayanad

സോളാര്‍ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിക്കൊപ്പം എം പിയും മന്ത്രിയും രാജിവെക്കണം- എല്‍ ഡി എഫ്

Published

|

Last Updated

കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനം രാജിവെക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നേരിടണെന്നും ആവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി 24ന് വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊലക്കേസിലും സോളാര്‍ തട്ടിപ്പുകേസിലും പ്രതിയായിട്ടൂള്ള ബിജു രാധാകൃഷ്ണനും ഭാര്യ സരിത എസ് നായരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകയാണ്. നിയമസഭയെ പോലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. കോണ്‍ഗ്രസും യു ഡി എഫും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചാലും ഈ തട്ടിപ്പുകേസിലെ മുഖ്യമന്ത്രിയുടെ പങ്ക് തള്ളിക്കളയാനാവില്ല. തട്ടിപ്പുകാരുമായി മുഖ്യമന്ത്രിക്ക് ഗാഢബന്ധം ഉണ്ടെന്നതിന്റെ തെളുവുകള്‍ ഇതിനകം വെളിച്ചത്തുവന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങാതെ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയ്യാറാവണം. അതുവരെയും എല്‍ ഡി എഫ് പ്രക്ഷോഭം തുടരുകതന്നെ ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ദിവാസ്വപ്‌നമാണ്. ജനം മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി കഴിഞ്ഞു.
തട്ടിപ്പു കേസിലെ ഒന്നാം പ്രതിയും കൊലകേസില്‍ പിടികിട്ടാപ്പുള്ളിയുമായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി നടത്തിയ ഒരു മണിക്കൂര്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് വയനാട് എം പി-എം ഐ ഷാനവാസ് ആണെന്ന് അദ്ദേഹത്തിന് തന്നെ സമ്മതിക്കേണ്ടിവന്നു. ഇയാളുമായി ഷാനവാസിനുള്ള ബന്ധവും തട്ടിപ്പിന് അരങ്ങൊരുക്കുന്നതിലുള്ള ഷാനവാസിന്റെ പങ്കുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ബിജു രാധാകൃഷ്ണനും സരിത നായരുമായുള്ള ഷാനവാസിന്റെ ബന്ധം വെളിപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹവും എം പി സ്ഥാനം രാജിവെയ്ക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു.
ഇവരുടെ സോളാര്‍ തട്ടിപ്പുകമ്പനിക്ക് മലബാറില്‍ കല്‍പറ്റയില്‍ മാത്രമാണ് ശാഖയുള്ളത്. ഇത് ഷാനവാസിന്റെ ബന്ധത്തിലൂടെ ഉണ്ടായതാണ്. തട്ടിപ്പുകാരി സരിത നായരുമായി വയനാട്ടില്‍ നിന്നുള്ള മന്ത്രി പി കെ ജയലക്ഷ്മിക്കും അടുത്ത ബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായി. കല്‍പ്പറ്റയിലെ അവരുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത് മന്ത്രി പി കെ ജയലക്ഷ്മിയാണ്. സരതി നായര്‍-ബിജു രാധാകൃഷ്ണന്‍ തട്ടിപ്പു കമ്പനിയുമായി മന്ത്രി ജയലക്ഷ്മിയെ ബന്ധപ്പെടുത്തിയത് എം ഐ ഷാനവാസ് എം പിയാണെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാവുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ എം ഐ ഷാനവാസിനെയും മന്ത്രി പി കെ ജയലക്ഷ്മിയെയും ഉള്‍പ്പെടുത്തണം.
കേരളം തട്ടിപ്പുകാരുടെയും മാഫിയകളുടെയും താവളമാക്കുകയാണ് യു ഡി എഫ് സര്‍ക്കാറും അതിലെ മന്ത്രിമാരും ജനപ്രതിനിധികളും. അഴിമതി സാധാരണവല്‍ക്കരിച്ചിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം മാഫിയകളുടെ കൈപ്പിടിയിലമരും. ഇത് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുമെന്നും എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്‍ സി പി ജില്ലാ പ്രസിഡന്റ് സി എം ശിവരാമന്‍, ജനതാദള്‍-എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ്കുട്ടി, ആര്‍ എസ് പി നേതാവ് കെ പി ശ്രീധരന്‍, കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് എന്‍ പി രജിത് എന്നിവരും പങ്കെടുത്തു.