സര്‍ക്കിളിന്റെ ബൈക്ക് മോഷണം: നടപടി ചുവപ്പ് നാടയില്‍ കുരുങ്ങി

Posted on: June 21, 2013 12:56 am | Last updated: June 21, 2013 at 12:56 am
SHARE

വടക്കഞ്ചേരി: ഉപേക്ഷിക്കപ്പെട്ട ബൈക്ക് മകന് കളിപ്പാട്ടമായി നല്‍കിയ വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ സി ആര്‍ രാജുവിനെതിരെയുള്ള നടപടി ചുവപ്പ് നാടയില്‍ കുരുങ്ങി.
വടക്കഞ്ചേരി പഞ്ചായത്തിന്റെ സേഫ് പാര്‍ക്കിലാണ് അന്യസംസ്ഥാന രജിസ്‌ട്രേഷനിലുള്ള ഹീറോ ഹോണ്ട സപ്ലെണ്ടര്‍ ബൈക്ക് മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്നത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ആരും വരാത്തതിനെ തുടര്‍ന്നാണ് പാര്‍ക്കിന്റെ നടത്തിപ്പുകാരന്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വാഹനം അപ്രത്യക്ഷമാവുകയും ചെയ്തു. പോലീസുകാരുടെ ഉള്ളിലുള്ള അന്വേഷണത്തിലാണ് ബൈക്ക് സി ഐയുടെ നാട്ടിലെത്തിയതായി അറിയുന്നത്. നാട്ടുകാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് കഥകള്‍ പുറത്ത് വന്നത്.
വടക്കഞ്ചേരിയില്‍ നിന്ന് പെട്ടി ഓട്ടോറിക്ഷയിലാണ് ബൈക്ക് സി ഐയുടെ സ്വദേശമായ മാളയില്‍ എത്തിച്ചത്. വാഹനത്തിന്റെ വാടകയും നല്‍കിയില്ലെന്നാണ് വിവരം. മാളയിലെ ഇന്ത്യന്‍ മോട്ടോഴ്‌സ് എന്ന വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്താണ് സി ഐ മകന് ഉപയോഗിക്കാന്‍ നല്‍കിയത്.
ബൈക്കിന്റെ ബാറ്ററി മാറ്റിയതില്‍ ഗ്യാരണ്ടി കാര്‍ഡില്‍ മകന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് അന്വേഷണ സംഘത്തിന് വാഹന മോഷണത്തിന് വലിയ തെളിവുകളായി ലഭിച്ചത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള നമ്പറില്‍ വടക്കഞ്ചേരിയിലെ സി ഐയുടെ വിശ്വസ്തനായ അറിയപ്പെടുന്ന നേതാവിന്റെ വാഹനത്തിന്റെ നമ്പറാണ് ഉപയോഗിച്ചതും വിവാദമായിരുന്നു.
അന്വേഷണം തുടങ്ങിയെന്ന് സി ഐ അറിഞ്ഞതോടെ പുതിയ സര്‍ക്കിള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന്റെ രണ്ടാഴ്ചമുമ്പ് വണ്ടി തിരിച്ചെത്തിയിരിക്കുകയായിരുന്നു.
സംഭവത്തില്‍ മോഷണത്തിന് സമാനമായ കുറ്റമാണെന്നും തെളിവുകളെല്ലാം സി ഐക്കെതിരെയാണെന്നും ഇതില്‍മേല്‍ നടപടിയെടുക്കണമെന്നും അന്വേഷണ സംഘം സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ആഴ്ചകള്‍ പിന്നിട്ടും നടപടിമാത്രമായില്ല. ഇതിന് പിന്നില്‍ ഭരണസമിതിയിലെ ചില എം എല്‍ മാരും പ്രാദേശിക നേതാക്കളാരുമാണെന്നാണ് ആരോപണം.