ഗുജറാത്തില്‍ കര്‍ഷക പ്രക്ഷോഭം

Posted on: June 21, 2013 12:39 am | Last updated: June 21, 2013 at 12:39 am
SHARE

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസന അവകാശവാദങ്ങളെ തകര്‍ത്ത് സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി. സുരേന്ദ്രനഗര്‍ ജില്ലയിലെ 44 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സര്‍ക്കാറിന്റെ പ്രത്യേക നിക്ഷേപക മേഖലാ (എസ് ഐ ആര്‍) പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. ഇതിലൂടെ 2000 കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് നഷ്ടപ്പെടുക.
വടക്കന്‍ ഗുജറാത്തിലെ ബാഹുചേരാജിയിലെ ഹന്‍സാല്‍പൂരില്‍ മാരുതി സുസുകി കമ്പനിയുടെ പ്ലാന്റിന് വേണ്ടിയാണ് പ്രത്യേക നിക്ഷേപക മേഖലയാക്കാനുള്ള തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മോഡി ആരംഭിച്ചത് ഇവിടെനിന്നായിരുന്നു എന്നതാണ് ഏറെ രസകരം.
വളരെ ഫലഭൂയിഷ്ഠിയുള്ളതാണ് ഈ പ്രദേശം. ചിലയിടങ്ങളില്‍ വര്‍ഷം മൂന്ന് പ്രാവശ്യം വരെ കൃഷി ചെയ്യാറുണ്ട്. 50 ശതമാനം ഭൂമിയും നഷ്ടപരിഹാരം കൂടാതെയാണ് ഏറ്റെടുക്കുക എന്നതാണ് ഏറെ ദുഃഖകരം. കാല്‍സാരിയ എന്ന കര്‍ഷകന്‍ പറഞ്ഞു. പദ്ധതിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കാണിച്ച് സര്‍ക്കാറിന് കര്‍ഷകര്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.