തൊഴിലില്ലായ്മാ വേതനം നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്

Posted on: June 20, 2013 8:01 am | Last updated: June 20, 2013 at 8:01 am
SHARE

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ നല്‍കാന്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ തൊഴിലില്ലായ്മ വേതനം നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി 57 ദിവസത്തെ കൂലിയായി 82 രൂപ വീതം 4674 രൂപ വാരാമ്പറ്റ കൊട്ടാരക്കുന്ന് മരക്കാട്ട് കുന്ന് ഇ കെ രാധാകൃഷ്ണന് നല്‍കണമെന്നാണ് ഓംബുഡ്‌സ്മാന്‍ പി രാധാകൃഷ്ണ പിള്ള ഉത്തരവിട്ടത്. രാധാകൃഷ്ണന്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തന്റെ കൈവശ സ്ഥലത്ത് ജൈവ പൂതയിടല്‍ പ്രവര്‍ത്തിക്കും തനിക്ക് തൊഴില്‍ ലഭിക്കുന്നതിനായി 2013 ജനുവരി ഏഴിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. തൊഴില്‍ കാര്‍ഡ് ഉള്ളയാളാണ് രാധാകൃഷ്ണന്‍.
അപേക്ഷ സമയത്ത് ചെറുകിട കര്‍ഷകന്റെ ഭൂമിയില്‍ പ്രവര്‍ത്തി നടക്കുമ്പോള്‍ ഭൂഉടമ പ്രവര്‍ത്തിയില്‍ പങ്കെടുക്കണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശമുണ്ടായിരുന്നു. പക്ഷെ മസ്റ്റ് റോളില്‍ അപേക്ഷകന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
അതു കൊണ്ട് അടുത്ത പ്രവര്‍ത്തി പ്രകാരം അപേക്ഷകന്റെ സ്ഥലത്ത് ജോലി ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. അടുത്ത പ്രവര്‍ത്തി ആയപ്പോഴേക്കും ചെറുകിട കര്‍ഷകന്റെ ഭൂമിയില്‍ പ്രവൃത്തി എടുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇതോടെ ഇയാള്‍ക്ക് ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഓംബുഡ്‌സ്മാനെ സമീപിച്ചത്.
മസ്റ്ററോളില്‍ അപേക്ഷകനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ഓംബുഡ്‌സ്മാന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി.