Connect with us

Gulf

അനധികൃത ടാക്‌സിക്കെതിരെ നടപടി ശക്തം; ലക്ഷം ദിര്‍ഹം പിഴയും ഒരു മാസം തടവും

Published

|

Last Updated

അബുദാബി: അനധികൃത ടാക്‌സികള്‍ക്കും മിനി ബസുകള്‍ക്കും എതിരെ നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കനത്ത പിഴ ചുമത്താനും തടവു ശിക്ഷ നല്‍കാനും തീരുമാനിച്ചു. അനധികൃത ടാക്‌സിക്കാരെ പിടികൂടാനും കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടക്കാനുമുള്ള അധികാരമുണ്ടെന്ന് ട്രാന്‍സ് ആഡ് ഡയറക്ടര്‍ മുഹമ്മദ് ആല്‍ ഹൊസാനി പറഞ്ഞു. ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ഒരു മാസം തടവിന് ശിക്ഷിക്കുകയും ചെയ്യും. അനധികൃത ടാക്‌സികള്‍ക്കെതിരെ പൊലീസുമായി സഹകരിച്ച് ആരംഭിച്ച നടപടികള്‍ വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു.
സാധാരണ ടാക്‌സികളില്‍ അബൂദബിയില്‍ നിന്ന് മുസഫയിലേക്ക് യാത്ര ചെയ്യാന്‍ 50 ദിര്‍ഹവും ബനിയാസിലേക്ക് 120 ദിര്‍ഹവും ചെലവാകുന്ന സ്ഥാനത്ത് അനധികൃത ടാക്‌സികള്‍ ഈടാക്കിയിരുന്നത് 10 ദിര്‍ഹം മാത്രമാണ്. കള്ള ടാക്‌സി ഡ്രൈവറുടെ സ്വഭാവമോ വാഹനത്തിന്റെ ഗുണമേന്‍മയോ ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്കിടയാക്കും. ടാക്‌സികള്‍ ചെറിയ ഓട്ടത്തിന് മാത്രമുള്ളതാണ്. കൂടുതല്‍ ദൂരം പോകേണ്ട
വര്‍ക്കായി 24 മണിക്കൂറും പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി അടുത്ത വര്‍ഷം മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഈ വര്‍ഷം ഇതുവരെ ട്രാന്‍സ് ആഡ് അധികൃതര്‍ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയ 2,035 വാഹനങ്ങള്‍ പിടികൂടി. അബുദാബിയില്‍ 1657ഉം അല്‍ ഐനില്‍ 378ഉം വാഹനങ്ങളാണ് പിടികൂടിയത്. 324 കേസുകള്‍ പോലീസിന് കൈമാറുകയും ചെയ്തു.
അനധികൃത ടാക്‌സികള്‍ തടഞ്ഞ് ആ സ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. 2015 ഓടെ ദുബൈ, അല്‍ഐന്‍, ലിവ, മദീന സായിദ്, ജബല്‍ അലി, റുവൈസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 50 സീറ്റുകളുള്ള 1,400 ബസുകള്‍ സര്‍വീസ് നടത്തും.

Latest