വീട്ടുജോലിക്കാരുടെ കുറ്റകൃത്യങ്ങള്‍: ദുബൈ പോലീസ് ബോധവത്കരണത്തിന്

Posted on: June 19, 2013 10:31 pm | Last updated: June 19, 2013 at 10:31 pm
SHARE

ദുബൈ: വീട്ടുജോലിക്കാര്‍ക്കിടയിലെ കുറ്റകൃത്യങ്ങളെ കുറിച്ചും നിയമലംഘനങ്ങളെ കുറിച്ചും ബന്ധപ്പെട്ടവര്‍ക്ക് ദുബൈ പോലീസിന്റെ ബോധവത്കരണം. കഴിഞ്ഞ വര്‍ഷം വീട്ടുജോലിക്കാര്‍ പ്രതികളായിട്ടുള്ള 1,258 കേസുകള്‍ ദുബൈ പോലീസ് കൈകാര്യം ചെയ്തു. 2011 നെ അപേക്ഷിച്ച് അല്‍പം കുറവാണിത്.

ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികളോടുള്ള അതിക്രമം, വിശ്വാസ വഞ്ചന, മോഷണം, ദുര്‍മന്ത്രവാദം തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രധാന കേസുകള്‍. രണ്ട് വയസ് തികയാത്ത കുട്ടികളെ ശാരീരികമായി പീഡീപ്പിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുക, വീട്ടുകാര്‍ക്കുണ്ടാക്കിയ ഭക്ഷണ സാധനങ്ങളില്‍ മൂത്രമടക്കമുള്ള മാലിന്യങ്ങള്‍ ചേര്‍ക്കുക തുടങ്ങി മനുഷ്യത്വരഹിതമായ കേസുകള്‍ ചില വീട്ടുജോലിക്കാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി നിയമാനുസൃതമല്ലാത്ത ജോലി ചെയ്യുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുമുണ്ട്. എമിഗ്രേഷന്‍ വകുപ്പുമായി കൈകോര്‍ത്ത് ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഇത്തരക്കാരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്തവരെ ഒരു കാരണവശാലും വീടുകളില്‍ ജോലിക്കു നിര്‍ത്തരുതെന്ന് പോലീസ് അഭ്യര്‍ഥിച്ചു. ഇത് പിടിക്കപ്പെട്ടാല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.
ഇത്തരം നിയമലംഘകരെ കുറിച്ച് വിവരം ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കുകയാണ് വേണ്ടത്. സ്വദേശികളും വിദേശികളും ഇക്കാര്യം ഗൗനിക്കേണ്ടതുണ്ടെന്നും ദുബൈ പോലീ സ് ഓര്‍മിപ്പിച്ചു.