Connect with us

Kerala

തിരുവഞ്ചൂരിന് കോടിയേരിയുടെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷം അന്വേഷണം തടസ്സപ്പെടുത്തുകയാണെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ജുഡീഷ്യല്‍ അന്വേഷണം ഒഴിവാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആരോപണമുന്നയിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ബിജുവിനെയും സരിതയെയും അറസ്റ്റു ചെയ്തത്. ബിജുവിനെതിരെയുള്ള എല്ലാ കേസുകളും എല്‍ ഡി എഫ് സര്‍ക്കാര്‍ അന്വേഷിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് ഇവര്‍ കേരളത്തിലേക്ക് തിരിച്ചുവന്നത്. ഗണ്‍മാന്‍ സലീംരാജിനെതിരെ വകുപ്പുതല നടപടി എടുക്കണം. ഇതിന് പകരം മുഖ്യമന്ത്രി സലീമിനെ സംരക്ഷിക്കുകയാണ്. പി ആര്‍ ഡി ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കാല ചരിത്രം സര്‍ക്കാര്‍ അന്വേഷിച്ചില്ല. കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയിലേക്ക് ചെന്നെത്തുമെന്നും കോടിയേരി പറഞ്ഞു.
സമരത്തെ തല്ലിച്ചതക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സമരം തുടരുക തന്നെ ചെയ്യും. സമരക്കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ മാരകമാണ്. കലാപം അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളാണ് ഇന്നലെ ഡി വൈ എഫ് ഐക്കാര്‍ക്കും എ ഐ വൈ എഫുകാര്‍ക്കും എതിരെ പ്രയോഗിച്ചതെന്നും കോടിയേരി പറഞ്ഞു.

 

Latest