കരുളായിയില്‍ കാട്ടാനയുടെ അക്രമം തുടരുന്നു; ഭീതിയോടെ ജനം

Posted on: June 18, 2013 2:05 am | Last updated: June 18, 2013 at 2:05 am

നിലമ്പൂര്‍: കരുളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റകൊമ്പന്‍ കാട്ടാനയുടെ അക്രമം തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാട്ടാന പ്രദേശത്ത്ആദ്യം ഇറങ്ങിയത്.

ഇവിടെ നിന്ന് ആന ചക്ക പറിച്ചുതിന്നുകയും വാഴകള്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്തി കാട്ടിലേക്ക് പറഞ്ഞയച്ചു. വെള്ളിയാഴ്ച കരുളായി മുക്കത്ത് വീണ്ടും ചെമ്മല മൊയ്തുവിന്റെയും മുണ്ടോടന്‍ കാക്കഹാജിയുടെയും പറമ്പില്‍ ആന നാശംവിതച്ചു.
ശനിയാഴ്ച പുലര്‍ച്ചെ പാലാങ്കര താടി പാപ്പച്ചന്റെ കൃഷിയിടത്തിലും പരോക്രമണം നടന്നു. ചക്ക തിന്നുകയും മതില്‍ പൊളിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ചെറുപുഴ ചരല്‍മാടില്‍ ഇറങ്ങിയ ആനയെ വനപാലകര്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെട്ടിവെച്ച് തിരിച്ചയക്കുകയായിരുന്നു. ഭൂമികുത്ത് ഭാഗത്തും നാശം വിതച്ചു. ഇവിടെ നിന്ന് ചക്ക യഥേഷ്ടം തിന്നുകളഞ്ഞു. മാവേലി ഫിലിപ്പോസിന്റെ വീടിന്റെ വര്‍ക്ക് ഏരിയ തകര്‍ക്കുകയും ചെയ്തു.
വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ ആന തുമ്പികൈ നീട്ടി ഭീഷണിപ്പെടുത്തി. തൊട്ടടുത്ത സുന്ദരന്റെ വീട്ടുവളപ്പിലെ വാഴകളും നശിപ്പിച്ചു. കാട്ടാന ആക്രമണവും പതിവായതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. രാവും പകലും പുറത്തിറങ്ങാന്‍ പ്രയാസമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മയക്കുവെടി വെച്ച് ആനയെ തളച്ച് ഉള്‍വനത്തില്‍ കൊണ്ടുപോയി ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.