ജി എട്ട് ഉച്ചകോടി തുടങ്ങി; സിറിയ ചര്‍ച്ചയാകും

Posted on: June 18, 2013 12:07 am | Last updated: June 18, 2013 at 12:07 am
SHARE

ബെല്‍ഫാസ്റ്റ്: സുപ്രധാനമായ തീരുമാനങ്ങളെടുക്കാന്‍ സാധ്യതയുള്ള ജി എട്ട് ഉച്ചകോടി ഉത്തര അയര്‍ലാന്‍ഡില്‍ തുടങ്ങി. സിറിയന്‍ പ്രശ്‌നം ഉച്ചകോടിയില്‍ ചര്‍ച്ചയാകും. സിറിയയിലെ വിമത സേനക്ക് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് ഉച്ചകോടി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ എന്നിവരുമായും ഇക്കാര്യത്തില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ച നടത്തും. രണ്ട് വര്‍ഷമായി നടക്കുന്ന സിറിയന്‍ പ്രതിസന്ധിയില്‍ റഷ്യയുടെ നിലപാട് മറ്റ് രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. അമേരിക്കയുടെ പുതിയ നിലപാടില്‍ റഷ്യയുടെ പിന്തുണ ഉറപ്പാക്കുകയാണ് ഒബാമയുടെ ലക്ഷ്യം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി ചേരുന്നത്. അസദിനെ ചര്‍ച്ചക്ക് തയ്യാറാക്കുന്നതിന് റഷ്യയെ ഉപയോഗിക്കുകയെന്ന തന്ത്രവും അമേരിക്കക്കുണ്ട്. ഇത് ലക്ഷ്യം വെച്ചാണ് ഇന്ന് രാവിലെ ഒബാമ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. ഗോള്‍ഫ് ക്ലബ് റിസോര്‍ട്ടിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. സിറിയന്‍ യുദ്ധത്തിന് സൈനിക സഹകരണം നല്‍കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തും.
ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നിവയാണ് ജി എട്ടിലെ മറ്റ് അംഗങ്ങള്‍. ആഗോള വ്യാപാരത്തെയും സാമ്പത്തിക രംഗത്തെയും കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.