Connect with us

Kerala

704 കൊലപാതകങ്ങള്‍, 8075 മാനഭംഗ കേസുകള്‍; കുറ്റകൃത്യങ്ങളിലും കേരളം ബഹുദൂരം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് 704 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. തിരുവനന്തപുരം റൂറലിലാണ് കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. 77 എണ്ണം. തിരുവനന്തപുരം സിറ്റി 21, കൊല്ലം സിറ്റി 37, കൊല്ലം റൂറല്‍ 55, പത്തനംതിട്ട 47, ആലപ്പുഴ 38, കോട്ടയം 39, ഇടുക്കി 34, എറണാകുളം സിറ്റി 18, എറണാകുളം റൂറല്‍ 50, തൃശൂര്‍ സിറ്റി 18, തൃശൂര്‍ റൂറല്‍ 31, പാലക്കാട് 58, മലപ്പുറം 28, കോഴിക്കോട് സിറ്റി 13, കോഴിക്കോട് റൂറല്‍ 18, വയനാട് 35, കണ്ണൂര്‍ 53, കാസര്‍കോട് 26, റെയില്‍വേ 2 എന്നിങ്ങനെയാണ് പോലീസ് ജില്ല തിരിച്ചുള്ള എണ്ണം.

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ നടന്ന പിടിച്ചുപറിയുമായി ബന്ധപ്പെട്ട 1482 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജു എബ്രഹാമിനെ മന്ത്രി അറിയിച്ചു. ആള്‍ താമസമുള്ള വീടുകളില്‍ നടന്ന ഭവന ഭേദന മോഷണങ്ങളുടെ എണ്ണം 4778 ആണ്. ആള്‍ താമസമില്ലാത്ത വീടുകളില്‍ ഇത് 1307 ആണ്.
വിവിധ അതിക്രമങ്ങളില്‍ 289 സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇതില്‍ 10 പേര്‍ ബലാല്‍സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടത്. 55 പേര്‍ സ്ത്രീധന പീഡനങ്ങളില്‍ മരിച്ചു. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 8075 മാനഭംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 265 എണ്ണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയാണ്. ഇത്തരത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തിരുവനന്തപുരം റൂറലിലാണ്. കുട്ടികള്‍ സ്വന്തം വീട്ടില്‍ പീഡനത്തിന് ഇരയായ 346 കേസുകളും വിദ്യാലയങ്ങളില്‍ വച്ച് പീഡനത്തിന് ഇരയായ 67 കേസുകളുമുണ്ട്.
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള 1675 കേസുകളും പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച 298 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ 1973 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 548 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പട്ടികജാതി പട്ടിക വര്‍ഗ ആദിവാസി സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട 576 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 150 പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. 314 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഇതുവരെയും ആരുമില്ല.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ 26837 കുറ്റകൃത്യങ്ങളും, 7952 ലൈംഗിക അതിക്രമങ്ങളും 1025 മറ്റു ശല്യങ്ങളും 2211 ബലാല്‍സംഗങ്ങളും 427 തട്ടിക്കൊണ്ട് പോകല്‍ കേസുകളും സമാനമായ മറ്റു 4728 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു.
കൂടാതെ കുട്ടികള്‍ക്കു നേരെയുള്ള 3128 കേസുകളും 946 ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ 315, ഒരു ഭ്രൂണഹത്യ, ആത്മഹത്യ പ്രേരണ 8, ലൈംഗിക പ്രദര്‍ശനം 7, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് 16, കൊലപാതകം 74, മറ്റുള്ളവ 1761 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്.
മണല്‍ മാഫിയയുടെ ആക്രമണത്തിന് 124 പേര്‍ ഇരയായി. ഇതില്‍ 72 പേര്‍ പോലീസുകാരാണ്. 38 റവന്യൂ ഉദ്യോഗസ്ഥരും, മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും 11 പൊതുജനങ്ങളും ആക്രമണത്തിനിരയായി. ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിന് നടത്തിയ ഓപ്പറേഷന്‍ ബ്ലേഡിന്റെ ഭാഗമായി 32 റെയ്ഡുകള്‍ നടത്തി 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമിത പലിശ ഈടക്കല്‍ നിരോധന നിയമപ്രകാരം 761 പേര്‍ പ്രതികളുണ്ടെന്നും ഇതില്‍ 447പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും മന്ത്രി അറിയിച്ചു.
15,50,750 രൂപയും പ്രോമിസറി നോട്ടുകളും, സ്റ്റാമ്പ് പേപ്പറുകളും, ആര്‍ സി ബുക്കുകളും പ്രമാണങ്ങളും സ്റ്റാമ്പൊട്ടിച്ച വെള്ളപേപ്പുറകള്‍ ഉള്‍പ്പടെ 600 ഓളം രേഖകളും പിടിച്ചെടുത്തു.
കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട് 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മണിചെയിനുമായി ബന്ധപ്പെട്ട് 1486 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് 15 പ്രതികളെയും മണിചെയിനുമായി ബന്ധപ്പെട്ട് 864 പ്രതികളെയും അറസ്റ്റ് ചെയ്യാനുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച് 64 കേസുകളും രജിസ്റ്റര്‍ ചെയ്തു. തിരിച്ചറിഞ്ഞ 52 പ്രതികളെ പിടികൂടാനുണ്ട്. സംസ്ഥാനത്ത് പ്രകടനം നടത്തിയതിനു 3,44694 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് ലാബുകളില്‍ പോലീസ്, വിജിലന്‍സ്, എക്‌സൈസ് എന്നിവയുടെ 3723 കേസുകള്‍ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാറിന്റെ കാലത്ത് 271 വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്‍വലിച്ച കേസുകള്‍ രണ്ടെണ്ണം. വിജിലന്‍സിനു കീഴില്‍ തീര്‍പ്പാക്കാത്തതായി 1841 കേസുകളുണ്ട്. ഇതില്‍ 1341 എണ്ണം വിചാരണയിലാണ്. അന്വേഷണം പൂര്‍ത്തിയാകാത്ത 548 കേസുകള്‍ ഉണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എട്ട് ഐ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് കേസുകളുണ്ട്. കൈക്കൂലികേസുകളില്‍ 51 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ വഴി 2198 പരാതികള്‍ ലഭിച്ചു. ഇതില്‍ 81 എണ്ണം തുടരന്വേഷണത്തിലാണ്.
കേരള സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍(തടയല്‍) ആക്ട് പ്രകാരം 54 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ 25 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും 11 പേര്‍ കൊല്ലത്തു നിന്നുമാണ്. നിയമപ്രകാരം 272 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 175 പേരും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. സംസ്ഥാനത്ത് ബംഗ്ലാദേശി പൗരന്‍മാര്‍ എത്തിയതുമായി ബന്ധപ്പെട്ട് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ആന്റി പൈറസി സെല്‍ 2012 ജനുവരി മുതല്‍ ഇക്കൊല്ലം ജൂണ്‍ 10 വരെ നടത്തിയ റെയ്ഡുകളില്‍ 15,8285 വ്യാജ സിഡികളും 410 നീലചിത്രങ്ങളും പിടിച്ചെടുത്തു. 134 പേര്‍ക്കെതിരെ കേസെടുത്തു.
അടുത്ത കാലത്തായി ചില മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമായതായും അവരുടെ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായും മന്ത്രി അറിയിച്ചു. അന്വേഷണത്തില്‍ ആയതിനാല്‍ ഇത്തരം സംഘടനകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല.

 

---- facebook comment plugin here -----

Latest