Connect with us

Kerala

ഇടതു മന്ത്രിമാരുടെ പേരിലും തട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തല്‍

Published

|

Last Updated

കായംകുളം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായരും ഭര്‍ത്താവ് ബിജുവും കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെയും ഓഫീസുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വെളിപ്പെടുത്തല്‍. സോളാര്‍ തട്ടിപ്പിന് ഇരയായ മാവേലിക്കര കണ്ണാനുംമൊഴി താപോവന്‍ ആശ്രമത്തിലെ സ്വാമി നിര്‍മലാനന്ദഗിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ട്രസ്റ്റ് രൂപവത്കരിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സരിതയും ബിജുവും ചേര്‍ന്ന് ആശ്രമത്തെ കബിളിപ്പിച്ചത്. 2007 ഫെബ്രുവരിയിലാണ് സരിതയോടും മാതാവെന്ന് പരിചയപ്പെടുത്തിയ സ്ത്രീയോടും നാല് വയസ്സുള്ള ആണ്‍കുട്ടിയോടുമൊപ്പം ബിജു ആശ്രമത്തിലെത്തിയത്. തപോവന്‍ ആശ്രമം ഒരു ട്രസ്റ്റായി ഉയര്‍ത്തണമെന്നും ഇതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുമെന്നും തങ്ങള്‍ക്ക് കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള മന്ത്രിമാരുമായുള്ള അടുത്ത ബന്ധം ഇതിനായി ഉപയോഗപ്പെടുത്താമെന്നും വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് സ്വാമി പറഞ്ഞു. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് താന്‍ നേരിട്ട് പോയി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
തനിക്കൊപ്പം ചാരുംമൂട് സ്വദേശിയായ പാസ്റ്റര്‍ ബ്ലസന്റും ഉണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് ബിജുവും സരിതയും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിലും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. പിന്നീട് ചാരുംമൂട്ടില്‍ ദേശീയ വ്യാപാരമേള നടത്താനായി അന്നത്തെ സഹകരണ മന്ത്രി ജി സുധാകരനെ ഉദ്ഘാടകനായി കാണിച്ച് നോട്ടീസ് അടിച്ച് പ്രദേശത്ത് വ്യാപകമായ പണപ്പിരിവാണ് ബിജുവും സരിതയും നടത്തിയതെന്നും സ്വമി നിര്‍മലാനന്ദഗിരി പറഞ്ഞു.