ശാലുവിനെ പരിചയപ്പെടുത്തിയത് എക്‌സിക്യൂട്ടീവ് ഡയറക്ടറായി

Posted on: June 17, 2013 7:35 am | Last updated: June 17, 2013 at 9:52 am
SHARE

shaluതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സീരിയല്‍ നടി ശാലു മേനോന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി ശാലു മേനോന്‍ അടുത്ത ബന്ധം പുലര്‍ത്തിയത് വ്യക്തമാക്കുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു. സരിത അറസ്റ്റിലായ ദിവസം ബിജുവിനൊപ്പം ശാലു മേനോനും മാതാവും ഉണ്ടായിരുന്നു. സരിതയുടെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നാണ് ബിജു രക്ഷപ്പെട്ടത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശാലു മേനോനില്‍ നിന്ന് തെളിവെടുക്കും. ശാലു മേനോനും തട്ടിപ്പ് നടത്തിയതായി തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മൊഴി നല്‍കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലു മേനോന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയതായി പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ റഫീഖ് അലി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ശാലു മേനോനും ബിജു രാധാകൃഷ്ണനും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും റഫീഖ് അലി പരാതിയില്‍ പറയുന്നു. കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലാണ് ബിജു ഇടപാടുകാര്‍ക്ക് ശാലു മേനോനെ പരിചയപ്പെടുത്തിയിരുന്നതെന്നും കമ്പനിയിലേക്ക് ആളുകളെ എടുത്തിരുന്നത് ശാലു മേനോന്‍ ആയിരുന്നതായും കാണിച്ച് ടീം സോളാറിന്റെ തിരുവനന്തപുരത്തെ ഫ്രാഞ്ചെസിയായ സ്വിസ് അധികൃതരും പോലീസ് കമ്മീഷണര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് തവണ ബിജുവിനൊപ്പം ശാലു തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നു തെളിയിക്കുന്ന ചിത്രങ്ങളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. ചില ഹില്‍ സ്‌റ്റേഷനുകളിലേക്ക് ഇരുവരും യാത്ര പോയിരുന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ബിജു രാധാകൃഷ്ണന്‍ ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ച കാറിലാണ് സഞ്ചരിച്ചിരുന്നതെന്ന് റഫീഖ് അലിയുടെ പരാതിയിലുണ്ട്. താന്‍ പണം നല്‍കുമ്പോള്‍ ശാലു മേനോനും ബിജുവിനൊപ്പമുണ്ടായിരുന്നു.
വിന്‍ഡ് ഫാം രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ കമ്പനിക്ക് ജര്‍മന്‍ കമ്പനിയുമായി ബന്ധമുണ്ടെന്നു പറഞ്ഞ് കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓഹരിയും മിഡില്‍ ഈസ്റ്റിലുള്ള വിതരണാവകാശവും ബിജു വാഗ്ദാനം ചെയ്തിരുന്നു.
തട്ടിപ്പില്‍ ശാലു മേനോനുള്ള വ്യക്തമായ പങ്ക് പുറത്തുവരുമ്പോഴും ബിജുവുമായി അസ്വാഭാവികമായ യാതൊരു ബന്ധങ്ങളും ഇല്ലെന്നാണ് ശാലുവിന്റെ മാതാവ് കലാ ദേവി അവകാശപ്പെട്ടത്. ശാലുവിന് തൃശൂരില്‍ വെച്ചുള്ള നൃത്ത പരിപാടിക്കായി തങ്ങള്‍ പോകുമ്പോള്‍ എറണാകുളത്തു വെച്ച് യാദൃച്ഛികമായി ബിജുവിനെ കണ്ടുമുട്ടുകയും ഒപ്പം ചേരുകയുമായിരുന്നു. ബിജു ആവശ്യപ്പെട്ടതു പ്രകാരമാണ് അയാളെ കാറില്‍ കയറ്റിയത്. യാത്രക്കിടെ മകളുടെ ഫോണാണ് ബിജു ഉപയോഗിച്ചതെന്നും ശാലുവിന്റെ മാതാവ് പറയുന്നു.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായരുടെ മൊഴി പ്രകാരമാണ് സീരിയല്‍ നടി ശാലു മേനോനുള്ള പങ്ക് വെളിച്ചത്തുവരുന്നത്. തനിക്ക് സരിതയെ പത്രത്തിലൂടെ കണ്ടുള്ള പരിചയം മാത്രമേയുള്ളൂ എന്ന് ആദ്യം പറഞ്ഞ ശാലു അന്നു തന്നെ മൊഴി മാറ്റി പറഞ്ഞിരുന്നു.