Connect with us

Wayanad

ചൂരല്‍മല മര്‍കസ് മെഡ്‌സിന-ഡി എം വിംസ് റൂറല്‍ ഹെല്‍ത്ത് സെന്റര്‍ നാളെ കാന്തപുരം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കല്‍പ്പറ്റ: ചൂരല്‍മല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ഡി എസ് എഡ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മര്‍കസ് മെഡ്‌സിന ആന്‍ഡ് ഡി എം വിംസ് റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡോ ആസാദ് മൂപ്പന്‍, എം ഐ ഷാനവാസ് എം പി, ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ സംബന്ധിക്കും.
ആഴ്ചയില്‍ ആറു ദിവസവും ജനറല്‍ വിഭാഗവും ഒരു ദിവസം സ്‌പെഷ്യല്‍ പരിശോധനയും നടക്കും. മര്‍കസ് മെഡിസിന യാഥാര്‍ഥ്യമാകുന്നതോടെ ചൂരല്‍മലക്കാരുടെ ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമാകും. തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കല്‍പ്പറ്റയിലെത്തി വേണം ചികിത്സ തേടാന്‍. വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളില്‍ ശ്രദ്ധപതിച്ച മജ്‌ലിസ്സുദ്ദഅ്‌വ സംഘത്തിന്റെ ആരോഗ്യമേഖലയിലെ പുത്തന്‍ സംരംഭമാണ് ഹെല്‍ത്ത് സെന്റര്‍. നിര്‍ധരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് , വസ്ത്രം തുടങ്ങിയ സഹായങ്ങള്‍ സംഘം നല്‍കി വരുന്നുണ്ട്.
നിരാലംബരായ വിദ്യാര്‍ഥികളുടെ പഠനം ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നതായും സംഘാടകര്‍ പറഞ്ഞു. മദ്യം, മയക്ക് മരുന്ന് എന്നിവക്കെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ബോധവത്കരണം നടത്തുകയും ചെയ്തു വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സി കെ അലി സഖാഫി പ്രസിഡന്റും, കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും, പി എം മുഹമ്മദ് കുട്ടി ട്രഷറുമായ കമ്മിറ്റിയാണ് എം ഡി എസിനെ നയിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ ഷറഫുദ്ദീന്‍, നസീര്‍ സഖാഫി, പി കെ അഷ്‌റഫ്, സലാം മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.