പോലീസ് റേഷന്‍ കട പരിശോധിക്കുന്നത് അവസാനിപ്പിക്കണം

Posted on: June 15, 2013 1:16 am | Last updated: June 15, 2013 at 1:16 am
SHARE

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ പൊതുവിപണരംഗത്തുനിന്ന് പിന്‍വാങ്ങുകയാണെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി വി പ്രഭാകരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോലീസിനെക്കൊണ്ട് കടപരിശോധിപ്പിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കട തുറന്ന് പ്രവര്‍ത്തിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വകുപ്പുതല പരിശോധയല്ലാതെ പോലീസിന്റെ പരിശോധനയോ പീഡനങ്ങളോ ഉണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ഉറപ്പുനല്‍കിയതാണെങ്കിലും പോലീസ് നിരന്തരമായ പരിശോധനകളും പീഡനങ്ങളും തുടരുകയാണ്.
പത്തുലക്ഷം മുതല്‍ ഇരുപതുലക്ഷം വരെ മൊത്തവ്യാപാരികള്‍ക്കും 30000 മുതല്‍ 50000 രൂപവരെ ചില്ലറ വ്യാപാരികള്‍ക്കും കുടിശ്ശിക ലഭിക്കാനുണ്ട്. സര്‍ക്കാര്‍ ക്വിന്റലിന് 58 രൂപ കമ്മീഷനാക്കിയെങ്കിലും ഇപ്പോഴും 24 രൂപയാണ് ലഭിക്കുന്നത്. ഒരു ക്വിന്റല്‍ റേഷന്‍ സാധനം കാര്‍ഡുടമകളുടെ കൈകളിലെത്തിക്കുമ്പോഴേക്കും 160 രൂപ മുതല്‍ 210 രൂപവരെ ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ 215 റേഷന്‍വ്യാപാരികള്‍ വ്യാപാരം അവസാനിപ്പിക്കുന്നതിന് തയാറായിരിക്കുകയാണ്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 17ന് ജില്ലയില്‍ സൂചനസമരം നടത്താനും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ജൂലൈയില്‍ പാസാക്കുന്ന റേഷന്‍സാധനങ്ങള്‍ എടുക്കേണ്ടതില്ലെന്നും റേഷന്‍ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും വി പ്രഭാകരന്‍ നായര്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി പി പവിത്രന്‍, ജനറല്‍ സെക്രട്ടറി എസ് രാഗിഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.