മത്സ്യത്തിനും പച്ചക്കറിക്കും വില കുതിക്കുന്നു

Posted on: June 15, 2013 6:00 am | Last updated: June 14, 2013 at 11:15 pm

vegetableകോഴിക്കോട് : കോഴിക്കും പച്ചക്കറിക്കും പുറമെ മത്സ്യത്തിനും പൊള്ളുന്ന വില. മത്തിയും അയലയും ചെമ്മീനുമെല്ലാം വില കൂടിയ പട്ടികയില്‍ പെടും. മത്തി കിലോക്ക് ഇന്നലെ കോഴിക്കോട് മൊത്ത മാര്‍ക്കറ്റില്‍ 80 രൂപയാണ് വില. അയലക്ക് 100, വലിയ മാന്തക്ക് 180, കടല്‍ ചെമ്മീനിന് 260 എന്നിങ്ങനെയാണ് വില നിലവാരപ്പട്ടിക. കിലോഗ്രാമിന് അയക്കൂറക്ക് 680ഉം ആവോലിക്ക് 450ഉം രൂപയുമായിട്ടുണ്ട്.
കേരളത്തില്‍ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മത്സ്യവില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതിനിടെ, പച്ചക്കറി വില കുതിക്കുകയാണ്. തക്കാളി കിലോഗ്രാമിന്റെ വില ഇന്നലെ മൊത്ത മാര്‍ക്കറ്റില്‍ 45 രൂപയാണ്. ഇഞ്ചി-150, പയര്‍-50, ബീന്‍സ്-60, ക്യാരറ്റ്-40, ഉള്ളി-19.50, ചെറിയ ഉള്ളി-90, വെണ്ട-30, മുളക് -30 എന്നിങ്ങനെയാണ് ഇന്നലെ കോഴിക്കോട് മൊത്ത മാര്‍ക്കറ്റിലെ വില നിലവാരം. പച്ചക്കറി ഇനങ്ങള്‍ക്ക് വില കൂടുതലാണെന്ന പ്രചാരണം മുതലെടുത്ത് ചില്ലറ വ്യാപാരികള്‍ കരിഞ്ചന്ത നടത്തുന്നതായി ആരോപണമുണ്ട്. പല ഇനങ്ങള്‍ക്കും ഇരട്ടി വിലയാണ് പല ചില്ലറ കച്ചവടക്കാരും ഈടാക്കുന്നതെന്ന പരാതി വ്യാപകമാണ്.
അരി വിലയും കൂടിയിട്ടുണ്ട്. 21 രൂപയുണ്ടായിരുന്ന പച്ചരിയുടെ വില ഇന്നലെ 24ലെത്തിയിരിക്കുകയാണ്. ഐ ആര്‍ എട്ട് പച്ചരിക്ക് 25.50 രൂപ വിലയുണ്ട്.