വടകര താലൂക്കിലെ റേഷന്‍ സമരം: എസ്മ ഉള്‍പ്പെടെയുള്ള നിയമ നടപടിയുമായി ജില്ലാ ഭരണകൂടം

Posted on: June 14, 2013 11:49 am | Last updated: June 14, 2013 at 11:49 am
SHARE

വടകര: താലൂക്കിലെ റേഷന്‍ സ്തംഭനം ഒഴിവാക്കാന്‍ എസ്മ ഉള്‍പ്പെടെയുള്ള നിയമ നടപടിക്ക് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഗോതമ്പ് തിരിമറിയെ തുടര്‍ന്ന് റേഷന്‍കടകളില്‍ അന്വേഷണം നടത്തുന്നതില്‍ പ്രതിഷേധിച്ച് നാല് ദിവസമായി റേഷന്‍കടകള്‍ അടച്ചിട്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ എസ്മ പ്രകാരം അറസ്റ്റ് ചെയ്യാനും കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് നീക്കം. റേഷന്‍ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ സപ്ലൈ ഓഫീസറും കലക്ടറും റേഷന്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സമരത്തില്‍ നിന്ന് പിന്‍മാറി റേഷന്‍ വിതരണം സുഗമമാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പിന്നോട്ട് പോകാന്‍ വ്യാപാരികള്‍ തയ്യാറായില്ല. റേഷന്‍ കട പരിശോധനയില്‍ നിന്ന് പോലീസ് പിന്മാറണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
റേഷന്‍ മൊത്ത വ്യാപാരകേന്ദ്രത്തില്‍ നിന്ന് സ്വകാര്യമില്ലിലേക്ക് കടത്തുകയായിരുന്ന 80 ചാക്ക് ഗോതമ്പ് ചോമ്പാല പോലീസാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. റേഷന്‍ കടയുടമകളുടെ ഒത്താശയില്ലാതെ മൊത്ത വ്യാപാരിക്ക് റേഷന്‍ സാധനങ്ങള്‍ തിരിമറി നടത്താന്‍ പറ്റില്ലെന്നതിനെ തുടര്‍ന്നാണ് അന്വേഷണം റേഷന്‍ കടകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
റേഷന്‍ സ്തംഭനാവസ്ഥക്ക് പരിഹാരം കാണാന്‍ താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വടകര നഗരസഭാ ചെയര്‍പേഴ്‌സന്റെയും യോഗം ഇന്ന് രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഇത്തരം ഗൗരവമായ പ്രശ്‌നം വടകര താലൂക്കിലുണ്ടായിട്ടും സ്ഥലം എം പിയോ താലൂക്കിലെ എം എല്‍ എമാരോ വിഷയം ഗൗരവമായി കണ്ടില്ലെന്നും ആക്ഷേപമുണ്ട്. റേഷന്‍കട ഉടമകള്‍ക്ക് ബലം നല്‍കുന്ന സമീപനമാണ് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നതെന്ന് ഉപഭോക്തൃ സംഘടനകളും കുറ്റപ്പെടുത്തി.