Connect with us

National

ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി മുന്‍ എം എല്‍ എ

Published

|

Last Updated

ajy rai

അജയ് റായ്‌

ലക്‌നോ: തന്നെയും ഭാര്യയെയും ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ നിയമസഭാംഗം, പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും കത്തയച്ചു.
കോണ്‍ഗ്രസ് എം എല്‍ എ അജയ് റായിയുടെ പീഡനങ്ങള്‍ സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് അബ്ദുസ്സമദ് അന്‍സാരിയും ഭാര്യ ഷെഹ്‌ല പര്‍വീനുമാണ് മുലായം സിംഗിനും മകന്‍ അഖിലേഷിനും കത്തയച്ചത്. ഏതാനും വ്യാജ രേഖകളുടെ സഹായത്തോടെ കോണ്‍ഗ്രസ് നേതാവ് തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്ന് കത്തില്‍ പറയുന്നു. വാരാണസി (നോര്‍ത്ത്)യില്‍ നിന്നുള്ള മുന്‍ എം എല്‍ എയാണ് അന്‍സാരി. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കടുത്ത സമ്മര്‍ദം നേരിടുകയാണെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എം എല്‍ എ അജയ് റായ്‌ക്കെതിരെയാണ് അന്‍സാരിയുടെ പരാതി. റായ് തന്റെ വീടിന് സമീപം സംശയാസ്പദ നിലയില്‍ ചുറ്റിക്കറങ്ങുന്നതായും തന്നെ ശാരീരികമായി ഉപദ്രവിച്ചേക്കാമെന്ന് ഭയപ്പെടുന്നതായും അന്‍സാരി കത്തില്‍ പറയുന്നുണ്ട്. അന്‍സാരിയുടെ ആരോപണങ്ങള്‍ നിഷേധിച്ച അജയ് റായ് എം എല്‍ എ തനിക്കെതിരെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും വ്യക്തമാക്കി. തന്റെ സ്വത്തും സമ്പാദ്യവും സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ അന്വേഷിച്ചതാണെന്ന് നിയമസഭയില്‍ വാരാണസി ജില്ലയിലെ പിന്‍ഡ്ര മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അജയ് റായ് പറഞ്ഞു.