അഭയം തേടി ഇന്ത്യയെ സമീപിച്ചതായി ജൂലിയന്‍ അസാന്‍ജെ

Posted on: June 14, 2013 8:31 am | Last updated: June 14, 2013 at 8:31 am
SHARE

Julian-Assange-007ലണ്ടന്‍: രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയെയും സമീപിച്ചിരുന്നുവെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ. എന്നാല്‍, തന്റെ ആവശ്യം ഇന്ത്യ പരിഗണിച്ചില്ലെന്ന് അസാന്‍ജെ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അസാന്‍ജെ ഇക്കാര്യം പറഞ്ഞത്. വ്യാപകമായി ടെലിഫോണുകളും ഇന്റര്‍നെറ്റ് രേഖകളും യു എസ് ദേശീയ അന്വേഷണ ഏജന്‍സി ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നല്‍കിയ സി ഐ എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെന് ഇന്ത്യ അഭയം നല്‍കണമെന്ന് അസാന്‍ജെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് ജൂലിയന്‍ അസാന്‍ജെയുള്ളത്. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യ തനിക്ക് അഭയം നല്‍കാന്‍ തയ്യാറാകാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴി വിദേശത്തെ ഓഫീസുകളുമായി ബന്ധപ്പെട്ടിരുന്നു. കത്ത് വഴി ബന്ധപ്പെട്ടിട്ടും അനുകൂല നിലപാടുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നൂറ് കോടിയിലേറെ ജനസംഖ്യയും ആഗോളതലത്തില്‍ സ്വാധീനവുമുള്ള ഇന്ത്യ അഭയം നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍, ഇക്വഡോര്‍ പോലുള്ള ചെറിയ രാജ്യം അതിന് സന്നദ്ധമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, അസാന്‍ജെ അഭയം തേടിയതിന്റെ രേഖകളില്ലെന്നാണ് ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.