Connect with us

Wayanad

കടാശ്വാസം: വിഹിതം അടക്കുന്നതിന് അനുവദിച്ച കാലയളവില്‍ റിക്കവറിക്ക് കര്‍ശന വിലക്ക്

Published

|

Last Updated

കല്‍പ്പറ്റ:കര്‍ഷകരുടെ വ്യക്തിഗത അപേക്ഷകളില്‍ കടാശ്വാസം ശുപാര്‍ശചെയ്ത് കടാശ്വാസ കമ്മീഷന്‍ അന്തിമ ഉത്തരവ് നല്‍കിയ വായ്പകളില്‍ കര്‍ഷക വിഹിതം അടയ്ക്കുന്നതിനു അനുവദിച്ച കാലയളവില്‍ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നത് സഹകരണ രജിസ്ട്രാര്‍ കര്‍ശനമായി വിലക്കി.
വിഹിതം അടക്കുന്നതിനു അനുവദിച്ച തീയതിക്കു മുന്‍പ് ബാങ്കുകള്‍ റിക്കവറി നടപടികള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. വിഹിതം അടയ്ക്കുന്നതിനു അനുവദിച്ച തീയതിക്കു മുന്‍പ് യാതൊരു റിക്കവരി നടപടികളും പാടില്ലെന്ന് സഹകരണ രജിസ്ട്രാര്‍ കെ.ഗോപാലകൃഷ്ണ ഭട്ട് ബാങ്കുകള്‍ക്കും സഹകരണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
വ്യക്തിഗത അപേക്ഷകളില്‍ കര്‍ഷകന്റെയും ബന്ധപ്പെട്ട ബാങ്കിന്റെയും വാദം കേട്ടശേഷമാണ് കമ്മീഷന്‍ അപേക്ഷകന്റെ ബാധ്യത നിശ്ചയിച്ചും അതില്‍ ഒരു വിഹിതം കടാശ്വാസമായി അനുവദിക്കുന്നതിനു സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തും ബാക്കി തുക അടയ്ക്കുന്നതിനു തീയതി നിശ്ചയിച്ചും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്. വിഹിതം അടക്കുന്നതിനു കര്‍ഷകര്‍ക്ക് കമ്മീഷന്‍ അനുവദിച്ച തീയതിക്കു മുന്‍പ് റിക്കവറി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് നിരവധി പരാതികളാണ് സര്‍ക്കാരിനു ലഭിച്ചത്.

Latest