സുതാര്യകേരളം തുണയായി; മിഥുന് ജോലി, രമണിയുടെ മകള്‍ക്ക് വിവാഹ ധനസഹായം

Posted on: June 12, 2013 1:05 pm | Last updated: June 12, 2013 at 1:05 pm
SHARE

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായി ജില്ലാ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സുതാര്യ കേരളത്തിന് ജില്ലയില്‍ ആവേശ തുടക്കം. സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജീകരിച്ച സുതാര്യ കേരളം ജില്ലാ തല ഓഫീസ് മന്ത്രി കെസി ജോസഫാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ തന്നെ മന്ത്രിക്ക് ലഭിച്ച പരാതികളിലൊന്നായിരുന്നു കെ പി മിഥുന്റേത്. ഇതുള്‍പ്പെടെ 200 ഓളം പരാതികളാണ് അന്ന് മന്ത്രിക്ക് ലഭിച്ചിരുന്നത്.
മിഥുന്റെ പരാതിയില്‍ മിന്നല്‍ വേഗത്തിലാണ് തീരുമാനമായത്. ബീവറേജസ് കോര്‍പ്പറേഷന്റെ പേരാമ്പ്ര യൂണിറ്റിലെ ജീവനക്കാരനായിരിക്കെ, 2011 മാര്‍ച്ച് 13ന് മരണപ്പെട്ട ഡി ജയദേവന്റെ മകനായ കെ പി മിഥുന്‍ ആശ്രിത നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്നു. നിയമന നടപടികള്‍ വേഗത്തിലാക്കണമെന്ന് കാണിച്ച് സുതാര്യ കേരളത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 25ന് തന്നെ മിഥുന് ബീവറേജസ് കോര്‍പ്പറേഷന്‍ 8730 -13540 രൂപ ശമ്പള സ്‌കെയിലില്‍ നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. മെയ് 31ന് തന്നെ മിഥുന്‍ താമരശ്ശേരിയില്‍ ബീവ്‌കോ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. കേവലം രണ്ട് ആഴ്ചകൊണ്ട് ജോലി കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായതില്‍ മിഥുനോടൊപ്പം സന്തോഷം പങ്കിടുകയാണ് അമ്മ ഉഷയും വലിയമ്മ ദേവകിയും സഹോദരി ഐശ്വര്യയും.
പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ നിന്നും മകളുടെ വിവാഹത്തിന് ധനസഹായം ലഭിക്കാന്‍ മായനാട് പടിഞ്ഞാറെവീട്ടില്‍ എംഎം രമണി നല്‍കിയ അപേക്ഷ ഏഴു മാസമായി തീരുമാനമാകാതെ കിടന്നതാണ്. സുതാര്യകേരളത്തില്‍ നിന്ന് മെയ് 17ന് വിവരം കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസില്‍ അറിയിച്ചതിനെതുടര്‍ന്ന് 25ന് തന്നെ വായ്പ അനുവദിച്ച് പ്രശ്‌നം തീര്‍പ്പാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
ചെറുവണ്ണൂര്‍ വെട്ടേരിപറമ്പ് പുത്തന്‍ പീടിയേക്കല്‍ ആദംകുട്ടിയുടെ വാര്‍ധക്യ പെന്‍ഷനുളള അപേക്ഷയില്‍ അനുകൂല ശുപാര്‍ശ നല്‍കി ജില്ലാ കളക്ടറുടെ അനുമതിക്കായി ഫയല്‍ വിട്ട കാര്യം കോഴിക്കോട് നഗരസഭയും അറിയിച്ചു.
അര്‍ബുദം പിടിപെട്ട് റേഡിയേഷന്‍ ചികിത്സ നടത്തിവരുന്ന കുന്ദമംഗലം കമ്പനിമുക്ക് ഈഗിള്‍ പ്ലാന്റേഷന്‍ കോളനിയിലെ കെ ശ്രീമതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5000 രൂപ അനുവദിച്ചത് കൈപ്പറ്റാന്‍ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. എലത്തൂര്‍ നാലൊന്നുകണ്ടി എസ്‌കെ ബസാര്‍ എം ബാലന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ആശ്വാസകിരണവുമായി എത്തി. ബാലന്‍ കാരന്നൂര്‍ സര്‍വീസ് സഹകരണ ബേങ്കില്‍ നിന്നും എടുത്ത വായ്പയില്‍ ഇളവിന് ശിപാര്‍ശ ചെയ്ത് സര്‍ക്കാരിലേക്ക് അയച്ച കാര്യം കമ്മീഷന്‍ സെക്രട്ടറി സുതാര്യ കേരളത്തെ അറിയിച്ചു.
ഇതിനകം 400 ല്‍ അധികം പരാതികള്‍ ജില്ലാതല സെല്ലില്‍ ലഭിച്ചതായി നോഡല്‍ ഓഫീസര്‍ കൂടിയായ പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വിനോദ് അറിയിച്ചു. എല്ലാ വകുപ്പ് മേധാവികളും ക്രിയാത്മകമായാണ് പരാതികളോട് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി മറുപടി പരാതിക്കാരന് നല്‍കുന്നതോടൊപ്പം അതത് വകുപ്പുകള്‍ സുതാര്യ കേരളത്തിലും തീര്‍പ്പുവിവരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടര്‍ സി എ ലതയാണ് സുതാര്യകേരളം മോണിറ്ററിംഗ് സമിതിയുടെ അധ്യക്ഷ.