Connect with us

Gulf

'പെട്രോള്‍ വിലയുടെ നിയന്ത്രണം എടുത്തുകളഞ്ഞത് അനിയന്ത്രിത വിലവര്‍ധനവിനു കാരണമായി'

Published

|

Last Updated

അബുദാബി: പെട്രോള്‍, പഞ്ചസാര എന്നിവയുടെ വില നിയന്ത്രണം യു പി എ സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് അനിയന്ത്രിത വിലക്കയറ്റം ഇന്ത്യന്‍ ജനതയെ രൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിട്ടതെന്ന് പി. കെ. ബിജു എം പി അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ സര്‍ക്കാര്‍ വന്നതിനു ശേഷം പതിനാറു തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ മാത്രമല്ല അമേരിക്കയില്‍ പോലും പെട്രോളിനു ഇന്ത്യയില്‍ കൊടുക്കുന്നതിന്റെ പകുതി വില കൊടുത്താല്‍ മതി. രാസവളങ്ങള്‍ക്ക് കൊടുത്തിരുന്ന സബ്‌സിഡി ഇല്ലാതാക്കി. രാസവളകമ്പനികള്‍ സ്വകാര്യവത്കരിച്ചു. രാജ്യത്തെ കോടീശ്വരന്‍മാരുടെ കയ്യില്‍ നിന്നും വ്യവസ്ഥാപിതമായി നികുതി പിരിച്ചെടുക്കുന്നതിനു പകരം പാവങ്ങളുടെ ചട്ടിയില്‍ കയ്യിട്ടു വാരാനാണു മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നത്-അദ്ദേഹം ആരോപിച്ചു. ലോക മഹായുദ്ധത്തില്‍ പോലും ഇത്രമരണം സംഭവിച്ചിട്ടില്ല. രാജ്യത്തെ ഭരണാധികാരികളുടെ 75 ലക്ഷം കോടി രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ പണം ഉണ്ടെങ്കില്‍ 30 വര്‍ഷക്കാലം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് സൗജന്യമായി അരിയും ഗോതമ്പും കൊടുക്കാന്‍ കഴിയും. 1,86,000 കോടി രൂപയാണ് കല്‍ക്കരി കുംഭകോണം വഴി അഴിമതി നടത്തിയത്. ഇന്ത്യയിലെ മുഴുവന്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുഴുവന്‍ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്കും ഒരു വര്‍ഷം 60,000 കോടി രൂപ മതി എന്നത് ആലോചിക്കുമ്പോഴാണ് ഇത്തരം അഴിമതികളുടെ ഭയാനക ചിത്രം മനസ്സിലാക്കാന്‍ കഴിയൂ. നമ്മെ കൊള്ളയടിച്ചതിന്റെ ഒരു വിഹിതം നമുക്ക് തന്ന് ജനാധിപത്യ വിജയങ്ങള്‍ നേടാനാണ് ഇവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ പല നിയോജകമണ്ഡലത്തിലും അത് കണ്ടതാണ്-ബിജു പറഞ്ഞു. എ കെ ബീരാന്‍ കുട്ടിയുടെ അധ്യക്ഷത വഹിച്ചു. എം യു വാസു, എന്‍ വി മോഹനന്‍, വി പി കൃഷ്ണകുമാര്‍, അജീബ് പരവൂര്‍ സംസാരിച്ചു.

Latest