റോഡപകടം: അഞ്ച് മാസത്തിനിടെ പൊലിഞ്ഞത് 1905 ജീവന്‍

Posted on: June 11, 2013 2:39 am | Last updated: June 11, 2013 at 3:04 pm
SHARE

accidentതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തിനുള്ളില്‍ 17,954 അപകടങ്ങളിലായി 1905 പേര്‍ മരിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സി പി മുഹമ്മദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2012 ല്‍ അപകടങ്ങളില്‍ 4286 പേര്‍ മരിക്കുകയും 36,174 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംസ്ഥാനത്തെ റോഡപകടങ്ങളുടെ 98 ശതമാനവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മദ്യപാനം എന്നിവ മൂലമാണ് സംഭവിക്കുന്നത്. റോഡപകടങ്ങളില്‍ 59 ശതമാനവും ഇരു ചക്രവാഹനങ്ങളുണ്ടാക്കുന്നതാണ്. വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 2005 ല്‍ 40 ലക്ഷമായിരുന്നത് 2012-13 ല്‍ 78 ലക്ഷമായി.
എന്നാല്‍ റോഡുകളുടെ എണ്ണമോ വീതിയോ വര്‍ധിച്ചില്ല. ഇത് ചെയ്യാതെ വാഹനാപകടങ്ങള്‍ കുറക്കാനാകില്ല. കുറക്കാനായി ബോധവത്കരണം നടത്തി വരികയാണ്. മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. വാഹന പരിശോധനകള്‍ ഊര്‍ജിതമാക്കി.
406 പുതിയ ഉദ്യോഗസ്ഥരെ പരിശോധിച്ചു. 17 സ്‌പെഷല്‍ സ്‌ക്വാഡുകളെ ഈ ആവശ്യത്തിനായി നിയോഗിച്ചു. വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി. ചേര്‍ത്തല മുതല്‍ മണ്ണൂത്തി വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം വരെ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ചേര്‍ത്തല മുതല്‍ കളിയിക്കാവിള വരെയുള്ള സ്ഥലത്ത് പോലീസ് പരിശോധനയും നടന്നു വരുന്നു. മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
അമിതവേഗക്കാരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ പാറശാല വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.