കുവൈത്തിലെ സ്വദേശിവത്കരണം

Posted on: June 10, 2013 8:32 am | Last updated: June 10, 2013 at 8:32 am
SHARE

siraj copyസഊദിയിലെ നിതാഖാത്ത് നടപ്പാക്കുന്നതിന് താത്കാലികമായി ഇളവ് അനുവദിച്ചിരിക്കെ, കുവൈത്തിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ ശക്തമാക്കിയിരിക്കയാണ്. ഒരു രാജ്യത്തിന് അവിടുത്തെ തൊഴില്‍ നിയമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള പരമാധികാരമുണ്ട്. സ്വന്തം ജനതയുടെ അഭിവാഞ്ഛകള്‍ക്കു തന്നെയാണ് അവിടുത്തെ ഭരണാധികാരികളും പ്രഥമ പരിഗണന നല്‍കേണ്ടത്. പക്ഷേ, ഈ സ്വദേശിവത്കരണ നീക്കങ്ങള്‍ നടപ്പാക്കുന്ന രീതി മാനുഷിക മുഖമുള്ളതായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള ധാര്‍മികമായ അവകാശം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുണ്ട്. തീര്‍ത്തും ഹൃദ്യമായ സാമ്പത്തിക നയതന്ത്ര ബന്ധമാണ് ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിലുള്ളത്. ചരിത്രത്തില്‍ ആഴ്ന്നു നില്‍ക്കുന്ന വേരുകളുള്ളതാണ് ഈ ബന്ധം. മാത്രമല്ല, ഈ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിലും സാമ്പത്തിക പുരോഗതയിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്, വിശേഷിച്ച് മലയാളികള്‍ക്കുള്ള പങ്ക് നിഷേധിക്കാവതല്ല. ഈ വസ്തുത മുന്നില്‍ വെച്ചു കൊണ്ടുള്ള ഇടപെടലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും പ്രവാസി സംഘടനകളും ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ സ്വാധീനമുള്ള മത, ആത്മീയ നേതാക്കളും നടത്തേണ്ടത്. കുവൈത്തില്‍ ഇത്തരം ഇടപെടലുകള്‍ ഏറ്റവും അനിവാര്യമായ സമയമാണിത്.
കാരണം, കുവൈത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നടപടികള്‍ സഊദിയില്‍ നടന്നതില്‍ നിന്ന് വ്യത്യസ്തമാണെന്ന ആക്ഷേപം ശക്തമാണ്. ശനിയാഴ്ച പുലര്‍ച്ചെ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 74 ഇന്ത്യക്കാരാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. രേഖകള്‍ ഇല്ലാത്തവരെയും വിസ മാറി ജോലി ചെയ്യുന്നവരെയുമാണ് തിരിച്ചയക്കുന്നതെന്ന കുവൈത്ത് സര്‍ക്കാറിന്റെ വാദം ശരിയല്ലെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. കൃത്യമായ രേഖയുള്ളവരെയും പിടികൂടുന്നതായും വീട്ടുജോലി ചെയ്യുന്നവരെ പിടികൂടി ജയിലിലടക്കുന്നതായും ആക്ഷേപമുണ്ട്. ഇങ്ങനെ ഇരുപതിനായിരം പേര്‍ കുവൈത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതിയും മലയാളികളാണ്. അബ്ബാസിയയിലെ ജയിലില്‍ കഴിഞ്ഞവരാണ് ഒടുവില്‍ ഡല്‍ഹിയിലെത്തിയത്. ഇവിടെ 25 സെല്ലുകളിലായി പതിനായിരത്തോളം പേര്‍ കഴിയുന്നുണ്ട്.
വീട്ടുജോലി കാണിച്ചിരിക്കുന്ന 20ാം നമ്പര്‍ ഖാദിം വിസയില്‍ വന്ന് മറ്റ് ജോലികളിലേക്ക് മാറിയവരെയാണ് പോലീസ് പിടികൂടുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. നിയമപരമായി ഇതില്‍ പിശകില്ലെങ്കിലും മാനുഷികമായ ചില വസ്തുതകള്‍ കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. വീട്ടുജോലിക്ക് വന്ന് ഭാഷയും മറ്റു നൈപുണ്യങ്ങളും ആര്‍ജിച്ച് സ്‌പോണ്‍സറുടെ സമ്മതത്തോടെ മറ്റു ജോലികളിലേക്ക് മാറിയ നിരവധി പേര്‍ കുവൈത്തിലുണ്ട്. ഇവരില്‍ പലരും വന്‍ തുക മുടക്കി ഇഖാമയടക്കമുള്ള രേഖകള്‍ പുതുക്കിയവരാണ്.
ഇവിടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും എംബസി അധികൃതര്‍ക്കും ഒരുപാട് ചെയ്യാനുണ്ട്. ജയിലിലകപ്പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണം. തിരിച്ചയക്കപ്പെടുന്നവര്‍ക്ക് നാട്ടിലെത്താനുള്ള സാമ്പത്തിക സഹായമെങ്കിലും ചെയ്യാനാകും. മറ്റ് രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരോട് കാണിക്കുന്ന സ്‌നേഹവായ്പിന്റെ ഇത്തിരി അംശമെങ്കിലും നമ്മുടെ എംബസി അധികൃതര്‍ പുറത്തെടുക്കണം. നിയമത്തിന് കണ്ണില്ലെന്നാണല്ലോ. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുതകള്‍ കണക്കിലെടുക്കുന്ന തരത്തില്‍ നിയമത്തില്‍ ഇളവ് വേണമെന്ന് ഇന്ത്യക്ക് ആവശ്യപ്പെടാവുന്നതാണ്. പിടിക്കപ്പെടുന്നവര്‍ക്ക് ഒരു കാലത്തും ഇനി കുവൈത്തിലേക്ക് പോകാനാകാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാനും സമ്മര്‍ദം വേണം. ഈ നാടിന്റെ അഹങ്കാരങ്ങളുടെ വിശാലമായ അടിത്തറ പ്രവാസിയുടെ വിയര്‍പ്പാണെന്നോര്‍ക്കണം. അവരുടെ കണ്ണീര്‍ വീണ് ഈ മണ്ണ് കരിയരുത്.