Connect with us

Gulf

സീബ്രാ ക്രോസിംഗ് അനധികൃതമായി തുറന്നു; അപകടസാധ്യത വര്‍ധിച്ചു

Published

|

Last Updated

അല്‍ ഐന്‍: സനാഇയ്യയിലെ ഭൂഗര്‍ഭ പാതക്കും സനാഇയ്യ റൗണ്ട് എബൗട്ടിനുമിടയിലുള്ള പാതയില്‍ അധികൃതര്‍ അടച്ച സീബ്ര ക്രോസിംഗ് അനധികൃതമായി തുറന്നത് അപകട ഭീതി ഉയര്‍ത്തുന്നു. അപകടങ്ങള്‍ പതിവായി നടന്നിരുന്ന ഇവിടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബാരിക്കേഡുകള്‍ കെട്ടി വഴി അടച്ചത്.
സൈക്കിള്‍ യാത്രക്കാരനായ ഒരു ബംഗ്ലാദേശ് യുവാവ് വാഹനം ഇടിച്ചു മരിക്കാനിടയായതിനു ശേഷമാണ് അധികൃതര്‍ ഈ സീബ്രാക്രോസിംഗ് അടച്ചത്. അപകടങ്ങള്‍ പതിവായ ഇവിടെ മുമ്പ് ഒരു ഫിലിപ്പൈനി യുവതി മരിക്കുകയും ഒരു ഇന്ത്യക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പാതയിലെ വേഗപരിധി 80 മുതല്‍ 100 വരെയാണെങ്കിലും പല വാഹനങ്ങളും വേഗപരിധി ലംഘിച്ച് വാഹനം ഓടിക്കുന്നത് പതിവ് കാഴ്ചയാണ്. ജാഹിലിയില്‍ നിന്ന് വ്യവസായ കേന്ദ്രമായ സനാഇയ്യയിലേക്ക് നടന്നുവരാനുള്ള കുറുക്കു വഴിയാണ് അടച്ച സീബ്രാക്രോസിംഗ്.
സനാഇയ്യയിലെ സെന്റ് മേരീസ് കാത്തോലിക് ചര്‍ച്ച് ഭാഗത്തായതുകൊണ്ട്, ജാഹിലി കന്നടി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്നവര്‍ ചര്‍ച്ചിലേക്ക് വരുന്നതും ഈ വഴിയായിരുന്നു.
ക്രോസിംഗ് അടച്ചതിനു ശേഷം രണ്ടാം തവണയാണ് അനധികൃതമായി വേലികെട്ട് തകര്‍ത്ത് ഇത് തുറന്നിരിക്കുന്നത്. വ്യവസായ കേന്ദ്രങ്ങളിലേക്ക് സൈക്കിളില്‍ ജോലിക്ക് എത്തുന്നവര്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്.