ഉത്സവഛായയില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

Posted on: June 9, 2013 8:36 am | Last updated: June 9, 2013 at 8:36 am
SHARE

പെരിന്തല്‍മണ്ണ: ഉല്‍സവാന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് മുഖ്യമന്ത്രി ഉമ്മര്‍ചാണ്ടി ശിലയിട്ടു. നിര്‍മാണം 15 മാസത്തിനകം തന്നെ പൂര്‍ത്തിയാക്കുമെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. 
ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. നിര്‍മാണത്തിന് മുമ്പ് 61 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാനുള്ള ഉത്തരവ് ഇറങ്ങി കഴിഞ്ഞതായി ആര്‍ ബി ഡി സി എം ഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.
ഇത്രയും സ്ഥലം വേഗത്തില്‍ ഏറ്റെടുത്ത് നിര്‍മാണം ഉടന്‍ തന്നെ തുടങ്ങുകയും ചെയ്യും. നിര്‍മാണത്തിനായി 16 കോടിയിലധികം രൂപ വേണ്ടിവരും. ഏഴര മീറ്റര്‍ വീതിയില്‍ 600 മീറ്റര്‍ നീളത്തിലാണ് മേല്‍പാലം. മേല്‍പാലത്തിന്റെ 400 മീറ്റര്‍ നിലവിലുള്ള റെയില്‍വേ ഗേറ്റ് മുതല്‍ അങ്ങാടിപ്പുറത്തേക്കും 200 മീറ്റര്‍ പെരിന്തല്‍മണ്ണ റോഡ് ഭാഗത്തേക്കുമായിരിക്കും. അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണം നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മറ്റ് മേല്‍പാലങ്ങളുടെ നിര്‍മാണം പോലെ അങ്ങാടിപ്പുറത്തിന്റെ കാര്യത്തില്‍ കാലതാമസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത്‌വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണയുടെയും അങ്ങാടിപ്പുറത്തിന്റെയും വികസനത്തിനുള്ള പ്രധാന ആവശ്യമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു.
അങ്ങാടിപ്പുറം വഴി കടന്നുപോകുന്ന രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കമ്പാര്‍ട്ട്‌മെന്റുകള്‍ കൂടി അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ഇ അഹമ്മദ് പറഞ്ഞു.
മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ കെ ബിജു, ജില്ലാ പോലിസ് സൂപ്രണ്ട് മഞ്ചുനാഥ്, മുന്‍മന്ത്രി നാലകത്ത് സൂപ്പി, കെ ജനചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സലിം കുരുവമ്പലം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, ചാക്കോ വര്‍ഗീസ്, ഫാദര്‍ ജോസഫ്, കെ പി സി സി സെക്രട്ടറി വി എ കരീം, ഡി സി സി സെക്രട്ടറി വി ബാബുരാജ്, മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു.