മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

Posted on: June 8, 2013 12:33 am | Last updated: June 8, 2013 at 12:33 am
SHARE

വളാഞ്ചേരി: മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ ഉദ്ഘാടനം ഇന്ന് അഞ്ച് മണിക്ക് മൂടാല്‍ ഗവ. എല്‍ പി സ്‌കൂള്‍ പരിസരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള പൊതു മരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹി കുഞ്ഞ് അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം എല്‍ എ മാരായ സി മമ്മുട്ടി, അബ്ദുസമദ് സമദാനി സംബന്ധിക്കും.

വട്ടപ്പാറ അപകട വളവ് ഒഴിവാക്കിയും വളാഞ്ചേരി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കഞ്ഞിപ്പുറം മുതല്‍ മൂടാല്‍ വരെയുള്ള ബൈപ്പാസ് റോഡ് 15 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്നത്. ഇതിന് 25 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 10 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും 15 കോടി രൂപ റോഡ് നിര്‍മാണത്തിനുമാണ് അനുവദിച്ചിട്ടുള്ളത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരുകള്‍ നിശ്ചയിച്ച് വിലയുടെ അടിസ്ഥാനത്തില്‍ ബ്ലോക്കുകളായി തിരിച്ചു ഭൂമി ഏറ്റെടുക്കാനുള്ള ഫോര്‍വണ്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോയതായും ഇവര്‍ പറഞ്ഞു. നഷ്ടപരിഹാര തുക നല്‍കാന്‍ ഒന്നര മാസത്തോളം സമയമെ ആവശ്യമുള്ളൂ എന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ എം കുമാരി, സ്വാഗത സംഘം കണ്‍വീനര്‍ പരപ്പാര സിദ്ദീഖ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുല്ലക്കുട്ടി പങ്കെടുത്തു.