മലയോരം പനിച്ചു വിറക്കുന്നു

Posted on: June 8, 2013 12:16 am | Last updated: June 8, 2013 at 12:16 am
SHARE

ശ്രീകണ്ഠപുരം:ജില്ലയിലെ മലയോരമേഖലയില്‍ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധിനികളും പടരുന്നു. ഏരുവേശ്ശിയില്‍ പൂപ്പറമ്പ്, കൂവച്ചി, വെമ്പുവ, ശ്രീകണ്ഠപുരത്ത് പൊടിക്കളം, അലക്‌സ് നഗര്‍, കോട്ടൂര്‍, നിടിയേങ്ങ, പയ്യാവൂരില്‍ ചമതച്ചാല്‍, ചെങ്ങളായിയില്‍ വളക്കൈ, മലപ്പട്ടത്ത് അഡുവാപ്പുറം, ഇരിക്കൂറില്‍ ടൗണിലുമാണ് ഓരോ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ നിരവധി പേര്‍ വൈറല്‍ പനിയുടെയും മറ്റും പിടിയിലുമാണ്. റബര്‍തോട്ടമേഖലയിലാണ് ഡെങ്കിപ്പനികള്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ഈ മേഖലയില്‍ ആശാവര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

പനിയും പകര്‍ച്ചവ്യാധികളും പടരുമ്പോഴും പി എച്ച് സികളില്‍ കിടത്തി ചികിത്സയില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുകയാണ്. നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി ചികിത്സ തേടി പി എച്ച് സികളിലെത്തുന്നത്. പലയിടത്തും ഡോക്ടര്‍മാരും മരുന്നുമുണ്ടെങ്കിലും ഡോക്ടറുടെ സേവനം മുഴുവന്‍ സമയം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മിക്ക പി എച്ച് സികളിലും രാവിലെ മുതല്‍ 12 വരെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. ആഴ്ചയില്‍ പല ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഏരുവേശ്ശി, ശ്രീകണ്ഠപുരം, പയ്യാവൂര്‍, ചെങ്ങളായി, മലപ്പട്ടം, ഇരിക്കൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് വൈകുന്നേരങ്ങളിലുള്‍പ്പെടെ ചികിത്സ ലഭിക്കണമെങ്കില്‍ തളിപ്പറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളിലെത്തേണ്ട അവസ്ഥയാണ്. ചെങ്ങളായി, കൂട്ടുംമുഖം പി എച്ച് സികളെ സി എച്ച് സികളാക്കി അടുത്തിടെ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. ശ്രീകണ്ഠപുരത്ത് സര്‍ക്കാര്‍ ആശുപത്രി തുടങ്ങണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അതും യാഥാര്‍ഥ്യമായിട്ടില്ല. സ്വകാര്യമേഖലയിലും നാമമാത്രമായ ക്ലിനിക്കുകള്‍ മാത്രമാണ് ഈ മേഖലയിലുള്ളത്.
പയ്യാവൂര്‍ പഞ്ചായത്തില്‍ ചന്ദനക്കാംപാറ പി എച്ച് സിയിലും കിടത്തി ചികിത്സാ സൗകര്യം ലഭ്യമല്ല. കര്‍ണാടക വനാതിര്‍ത്തി മേഖലയായതിനാല്‍ കോളനികളിലുള്ളവരും മറ്റും ചന്ദനക്കാംപാറ പി എച്ച് സിയെയാണ് ആശ്രയിക്കുന്നത്. ഏരുവേശ്ശി പഞ്ചായത്തിലെ പി എച്ച് സികളുടെ അവസ്ഥയും ഇതുതന്നെയാണ്. ഇവിടെ പൂപ്പറമ്പിലും കുടിയാന്മലയിലും പി എച്ച് സികളുണ്ടെങ്കിലും കിടത്തി ചികിത്സാസൗകര്യം ലഭ്യമല്ല. കുടിയാന്മല പി എച്ച് സിയില്‍ കിടത്തി ചികിത്സാസൗകര്യം ഇല്ലെന്ന് മാത്രമല്ല കെട്ടിടങ്ങള്‍ ഇവിടെയും അനാഥമായി കിടക്കുകയാണ്. മലപ്പട്ടം പഞ്ചായത്ത് പി എച്ച് സിക്കും മികച്ച സൗകര്യങ്ങളുണ്ടെങ്കിലും ഇവിടെയും രോഗികള്‍ക്ക് മുഴുവന്‍ സമയ ചികിത്സ ലഭ്യമല്ല. മലയോര മേഖലയുടെ പ്രധാന്യം കണക്കിലെടുത്ത് തിരഞ്ഞെടുത്ത് പി എച്ച് സികളിലെങ്കിലും കിടത്തി ചികിത്സയും മുഴുവന്‍ സമയ ഡോക്ടര്‍, മരുന്ന് സേവനങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യം ശക്തമാണ്. പാവങ്ങളുടെ ആശ്രയമായ ആതുരാലയങ്ങള്‍ പലയിടത്തും നോക്കുകുത്തികളാകുമ്പോഴും ആരോഗ്യവകുപ്പ് കാണിക്കുന്ന അനാസ്ഥ രോഗികള്‍ക്ക് വലിയ ദുരിതമാവുകയാണ്.
ആലക്കോട്: നാല് പഞ്ചായത്തുകളിലായി പതിനായിരക്കണക്കിനാളുകള്‍ അധിവസിക്കുന്ന മലയോരത്ത് ഒടുവള്ളി സി എച്ച് സിയില്‍ മാത്രമാണ് കിടത്തി ചികിത്സാ സൗകര്യമുള്ളത്. 25ല്‍ താഴെ മാത്രം രോഗികള്‍ക്കാണ് ഇവിടെ കിടക്കാന്‍ കഴിയുക. നൂറുക്കണക്കിന് രോഗികളാണ് ഓരോ ദിവസവും കിടത്തി ചികിത്സ തേടി ഇവിടെയെത്തുന്നത്. സൗകര്യമില്ലാത്തതിനാല്‍ മരുന്ന് നല്‍കി ഇവരെ പറഞ്ഞുവിടുകയാണ്. നാലോളം ഡോക്ടര്‍മാരുടെ കിറവും ഒടുവള്ളിയിലുണ്ട്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാണെങ്കിലും പഴയ പി എച്ച് സിയുടെ കാലത്തെ സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴുമുള്ളത്. എട്ട് ഡോക്ടര്‍മാര്‍ എങ്കിലും വേണ്ട സ്ഥാനത്ത് മൂന്ന് പേരാണ് ആകെയുള്ളത്. ഒരാള്‍ ഈ മാസം വിരമിക്കുന്നു. മറ്റൊരാള്‍ ലീവിലായാല്‍ ഒരു ഡോക്ടര്‍ മാത്രമാണ് നൂറുക്കണക്കിന് രോഗികളെ പരിശോധിക്കാന്‍ ആകെയുള്ളത്. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണിത്. ഡോക്ടര്‍മാര്‍ ആവശ്യത്തിന് നിയമിക്കപ്പെടാത്തത് ഇവിടെ രോഗികള്‍ക്ക് കടുത്ത ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്. മലയോരത്തെ മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൊന്നും കിടത്തി ചികിത്സ ഏര്‍പ്പെടുത്തിയിട്ടില്ല. ഉദയഗിരിയില്‍ ഐ പി വാര്‍ഡ് നിര്‍മിച്ച് ഒന്നര പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഇന്നും കിടത്തി ചികിത്സ തുടങ്ങിയിട്ടില്ല. ആരോഗ്യമേഖലയില്‍ കടുത്ത അവഗണനയാണ് മലയോരം നേരിടുന്നത്. വളരെ ശോചനീയമായ അവസ്ഥയാണ് പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടേതും.