Connect with us

Alappuzha

മത്സ്യത്തൊഴിലാളികള്‍ക്ക് പതിനായിരം വീടുകള്‍ നിര്‍മിച്ചു നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

ആലപ്പുഴ:മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിനായിരം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 7,500 വീടുകള്‍ സംസ്ഥാന സര്‍ക്കാറും 2,500 വീടുകള്‍ കേന്ദ്ര സഹായത്തോടെയും നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യം. 

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതി രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആനുകൂല്യ വിതരണവും ആലപ്പുഴ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ 3,924 വീടുകള്‍ നിര്‍മിച്ചു നല്‍കി. ഈ വര്‍ഷം 3,657 വീടുകള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതിക്കായി ഹഡ്‌കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലക്ക് പ്രത്യേക പരിഗണനയും കരുതലും നല്‍കും. നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും തീരദേശ ജനത അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും കുടിവെള്ള പ്രശ്‌നങ്ങളും തീരദേശ ജനതയെ അലട്ടുന്നുണ്ട്. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കൂട്ടായ പരിശ്രമം വേണം മുഖ്യമന്ത്രി പറഞ്ഞു.
170 കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ സഹായത്തിന്റെ ഒന്നാം ഗഡു ചെക്ക് വിതരണവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു.

 

Latest