Connect with us

International

സിറിയയിലെ ഗോലാന്‍ കുന്നുകളില്‍ രൂക്ഷ പോരാട്ടം

Published

|

Last Updated

ബെയ്‌റൂത്ത്/ ജറൂസലം: ഗോലാന്‍ കുന്നുകളിലെ യു എന്‍ നിയന്ത്രണത്തിലുള്ള ഭാഗത്ത് സൈന്യവും വിമതരും തമ്മില്‍ രൂക്ഷ പോരാട്ടം. സിറിയയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് പോകുന്നതിനുള്ള മാര്‍ഗം പിടിച്ചെടുക്കുന്നതിനായാണ് പോരാട്ടം ശക്തമാക്കിയത്. ഇസ്‌റാഈല്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഖുനേത്രയില്‍ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് ആക്രമണം ശക്തമാക്കിയത്. ലബനാന്‍ അതിര്‍ത്തി പ്രദേശമായ ഖുസൈര്‍ പ്രവിശ്യ വിമതരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഗോലാന്‍ കുന്നുകള്‍ക്കായുള്ള പോരാട്ടം ശക്തമായത്. ഹിസ്ബുല്ല പോരാളികളുടെ പിന്തുണയോടെയാണ് സൈന്യം ഖുസൈര്‍ പിടിച്ചെടുത്തത്.
2011ല്‍ സിറിയയില്‍ ആഭ്യന്തര പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം മേഖലയുടെ ഓരു ഭാഗം വിമത പ്രക്ഷോഭകര്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് യു എന്‍ സമാധാന സേന പ്രദേശത്ത് ബങ്കറുകള്‍ സ്ഥാപിക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്തിരുന്നു. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന സൈന്യം വിമതരില്‍ നിന്ന് പ്രദേശം പിടിച്ചെടുത്തതായി ഇസ്‌റാഈല്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇസ്‌റാഈലിലേക്ക് കടക്കുന്ന പ്രദേശം വിമതര്‍ പിടിച്ചെടുത്തതായി ആസ്‌ത്രേലിയന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖുനേത്രയുടെ നിയന്ത്രണം ആദ്യം വിമതര്‍ പിടിച്ചെങ്കിലും പിന്നീട് സൈന്യത്തിന്റെ നിയന്ത്രണത്തിലാകുകയായിരുന്നുവെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
അതേസമയം, പ്രദേശത്ത് യു എന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി വിന്യസിച്ചിരുന്ന സൈനികരെ ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആസ്‌ത്രേലിയ പിന്‍വലിച്ചു. 380 സൈനികരെയാണ് ആസ്‌ത്രേലിയ പിന്‍വലിച്ചത്. ഇസ്‌റാഈല്‍ സേനയുടെ കൈവശമുള്ള ഗോലാന്‍ കുന്നുകളുടെ ഭാഗങ്ങളിലേക്ക് കൂടുതല്‍ യുദ്ധസാമഗ്രികളും സൈന്യത്തെയും യ അയച്ചിട്ടുണ്ട്.