Connect with us

Kozhikode

വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം

Published

|

Last Updated

കോഴിക്കോട്: പരിസ്ഥിതിയെ പോറലേല്‍പ്പിക്കാതെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ ജില്ലയിലെങ്ങും ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ നടലും ബോധവത്കരണ പരിപാടികളും നടന്നു.
പരിസ്ഥിതി സംരക്ഷണ സമിതി നഗരത്തിലെ മരങ്ങളില്‍ തറച്ച ആണികള്‍ നീക്കം ചെയ്തു. പട്ടാളപ്പള്ളിക്കു സമീപം മരത്തില്‍ ആണി അടിച്ച് ഉറപ്പിച്ച പരസ്യം നീക്കി കലക്ടര്‍ സി എ ലത ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറക്ക് ചുറ്റുമുള്ള മരങ്ങളില്‍ ചുറ്റിയിരുന്ന തുണികളും അഴിച്ചുമാറ്റി. പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ എ ശ്രീധരന്‍, സെക്രട്ടറി പി കെ ശശിധരന്‍, താഴാട്ട് ബാലന്‍, കണ്ണഞ്ചേരി ബാലകൃഷ്ണന്‍, ഗോപീകൃഷ്ണന്‍, പ്രമോദ് മഞ്ഞടത്ത്, മടത്തില്‍ അബ്ദുല്‍ അസീസ് പങ്കെടുത്തു.
ഫയര്‍ഫോഴ്‌സ് തൊണ്ടയാട് ജംഗ്ഷനില്‍ നിന്ന് മലാപ്പറമ്പിലേക്കുള്ള റോഡരികില്‍ നൂറോളം വൃക്ഷത്തൈ നട്ടു. ഡിവിഷനല്‍ ഓഫീസര്‍ ഇ ബി പ്രസാദ് നേതൃത്വം നല്‍കി. നാല്‍പ്പതോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എല്ലാ ശനിയാഴ്ചയും വൃക്ഷത്തൈകള്‍ക്ക് പരിചരണം നല്‍കും.
കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ കോളജ് യൂനിയന്റെയും നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും പരിസ്ഥിതി ദിനാചരണം ഊദ് മരത്തൈ നട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ കോയട്ടി മുഖ്യാതിഥിയായിരുന്നു. സി പി ഉബൈദ് സഖാഫി, ജി അബൂബക്കര്‍, എ കെ ഖാദര്‍, മുഹമ്മദ് ഇസ്മാഈല്‍, ടി കെ മുനീബ്, ഹബീബുര്‍റഹ്മാന്‍ സംസാരിച്ചു.
ഒയിസ്‌ക ഇന്റര്‍നാഷനല്‍ കോഴിക്കോട് ചാപ്റ്ററിന്റെ പരിസ്ഥിതി ദിനാചരണം എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. റീജ്യനല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റേറിയം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒയിസ്‌ക സെക്രട്ടറി ജനറല്‍ എം അരവിന്ദ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ആര്‍സു ലോക പരിസ്ഥിതി ദിന സന്ദേശം നല്‍കി. പി ഹേമപാലന്‍, ടി ഒ രാമചന്ദ്രന്‍, കെ സലിം, വി എം ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ഷഹനാസ് സലീം പ്രസംഗിച്ചു.
പരിസ്ഥിതി ഗാനാലാപന മത്സരത്തില്‍ വിഷ്ണു ഡി (നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അലീഷ എം ടി (നടക്കാവ് ഗേള്‍സ് സ്‌കൂള്‍) ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി.
മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പരിസ്ഥിതി സംരക്ഷണ സെമിനാറുകളും വൃക്ഷത്തൈ നടലും നടന്നു. പുഴയോരങ്ങള്‍, ക്യാമ്പസുകള്‍, സര്‍ക്കാര്‍ ഓഫീസ് പരിസരം, പാതയോരം തുടങ്ങിയ സ്ഥലങ്ങളിലാണ് വൃക്ഷതൈ നട്ടത്. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷണ സമിതി കോര്‍പറേഷന്‍ മേഖലാ ഓഫീസിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു. രത്‌നകുമാര്‍ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ കോഹിനൂര്‍ സലീം അധ്യക്ഷത വഹിച്ചു.