Connect with us

Articles

നര്‍മത്തിലൂടെ കാര്യം പറഞ്ഞ നമ്പാടന്‍

Published

|

Last Updated

ഞാനും ലോനപ്പന്‍ നമ്പാടനും ഒരേ പോലെയായിരുന്നു. ഒരേ സമയത്ത് മന്ത്രിയായി, ഒരുമിച്ച് എം പിയായി, പുസ്തമെഴുതി, കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു, തമാശ പറഞ്ഞു, വലതു മുന്നണിയില്‍ നിന്ന് ഇടത്തോട്ട് വന്നു അങ്ങനെ “ഒരേ ജാതിക്കാരാ”യി. മൂന്നാം വേദവും നാലാം വേദവും തമ്മിലുള്ള വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
87ലെ മന്ത്രിസഭയിലാണ് ഞാനും നമ്പാടനും ഉണ്ടായിരുന്നത്. നായനാരായിരുന്നു മുഖ്യമന്ത്രി. ഞങ്ങള്‍ കണ്ടാല്‍ നല്ല തമാശകള്‍ കാച്ചും. നായനാരും മോശക്കാരനായിരുന്നില്ല. കാര്യങ്ങളെ ഗൗരവമായിക്കാണുമ്പോള്‍ തന്നെ രസകരമായും ആര്‍ക്കും മനസ്സിലാകുന്ന ഉദാഹരണസഹിതവും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
നിയമസഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗം ആകര്‍ഷണീയമായിരുന്നു. വിഷയത്തിന്റെ മര്‍മം വ്യക്തമാക്കാനാണ് നമ്പാടന്‍ ഉപമകള്‍ പറയുക. ഒരു മുന്‍ മുഖ്യമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ആള്‍ രണ്ട് കാര്യത്തിനേ വായ് തുറക്കുകയുള്ളൂ. കള്ളം പറയാനും കഞ്ഞി കുടിക്കാനും. കള്ളം കല്ലുവെച്ചതും കഞ്ഞി പാല്‍ക്കഞ്ഞിയുമായിരിക്കും.” നിയമസഭയില്‍ എം എല്‍ മാരുടെ മിക്കവാറും ചോദ്യങ്ങള്‍ക്ക് “വിവരം ശേഖരിച്ചുവരുന്നു” എന്ന മറുപടിയാണ് മന്ത്രിമാര്‍ നല്‍കിവരുന്നത്. വിവരമില്ലെന്ന് തുറന്നുപറയാന്‍ യാതൊരു മടിയുമില്ലാത്തവരാണ് നമ്മുടെ മന്ത്രിമാരെന്ന് അദ്ദേഹം പരിഹസിച്ചു.
പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ ഏറെ ആകര്‍ഷകമാക്കി. “ആന്റണി നിര്‍ഗുണനും കരുണാകരന്‍ ദുര്‍ഗുണനും” ആണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ അയവിറക്കി. പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒന്നാണെന്നും മഹാത്മാ ഗാന്ധിയുടെ മകളാണ് ഇന്ദിരാഗാന്ധിയെന്നും കാറല്‍ മാര്‍ക്‌സിന്റെ അനുജനാണ് പെട്രോള്‍മാക്‌സെന്നും വിശ്വസിക്കുന്നവരുണ്ട് എന്നൊക്കെ പ്രസംഗത്തിന് ഹരം കൂട്ടാന്‍ പറയുമായിരുന്നു. ഐക്യജനാധിപത്യ മുന്നണിയും സൂപ്പര്‍ ഫൈന്‍ അരിയും ഒരുപോലെയാണ് എന്ന് കണ്ടുപിടിച്ചത് നമ്പാടനാണ്. കേള്‍ക്കാന്‍ സുഖമുണ്ട്; പക്ഷേ, നാറ്റം സഹിച്ചുകൂടാ. വില കൂടുതലാണ്. വേവുകയുമില്ല.
കോണ്‍ഗ്രസ് ഗ്രൂപ്പുകളെക്കുറിച്ച് അദ്ദേഹത്തിന്റെ തമാശ ഇങ്ങനെയായിരുന്നു: കോണ്‍ഗ്രസില്‍ നാല് ഗ്രൂപ്പുകളാണ്. തിരുത്തല്‍വാദികള്‍, തിരുമ്മല്‍വാദികള്‍, തുരത്തല്‍വാദികള്‍, ഇരുത്തല്‍ വാദികള്‍. ഇവക്കെല്ലാം പുറമെ അലവലാതികളും.
നല്ലൊരു സാമൂഹിക വമര്‍ശകനായിരുന്നു അദ്ദേഹമെന്ന് സംസാരിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്; മലയാളം മീഡിയം സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ പാവാട നിലം മുട്ടും. ഇംഗ്ലീഷ് മീഡിയത്തില്‍ പാവാട മുട്ടിനു മുകളിലായിരിക്കും. പാവാട നോക്കിയാല്‍ “മീഡിയം” മനസ്സിലാക്കാം എന്നാണ് നമ്പാടന്റെ കണ്ടുപടിത്തം. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കുട്ടികള്‍ ഇറച്ചിക്കോഴികളെപ്പോലെയാണെന്ന് ആദ്യം “കണ്ടെത്തി”യതും അദ്ദേഹമായിരുന്നു. കരുണാകരന് രണ്ട് അപ്പന്മാരെയേ പേടിയുള്ളൂ എന്നും അത് ലോനപ്പനേയും ഗുരുവായൂരപ്പനേയുമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കരുണാകരന്‍ മന്ത്രിസഭയുടെ തകര്‍ച്ചക്ക് കാരണം ലോനപ്പന്‍ നമ്പാടനായിരുന്നല്ലോ. എന്‍ ഡി പിക്ക് അദ്ദേഹം പുതിയ നിര്‍വചനം കണ്ടെത്തി “നായരെ ദ്രോഹിക്കുന്ന പാര്‍ട്ടി” കെ കരുണാകരനും എ കെ ആന്റണിയും ലീഗ് നേതാക്കളും കേരള കോണ്‍ഗ്രസുകാരും അദ്ദേഹത്തിന്റെ കൂരമ്പുകളേറ്റു. പക്ഷേ, അതൊന്നും ആരും കാര്യമാക്കിയില്ല.

രാഷ്ട്രീയ രംഗത്തെന്ന പോലെ സാമുദായിക രംഗത്തും അദ്ദേഹം ഇടപെട്ടു. ക്രിസ്തു ഒരിക്കലും ഇനി ഭൂമിയില്‍ വരില്ലെന്നും മുകളില്‍ നിന്നും ആദ്യം കാണുന്നത് മലമുകളിലെയും പള്ളികളിലെയും ഉയര്‍ന്നുനില്‍ക്കുന്ന വലിയ കുരിശുകളാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. നോക്കുകൂലിക്കെതിരെ ഇടയലേഖനം വായിക്കുന്ന വൈദികരില്‍ ഭൂരിപക്ഷവും നോക്കുക പോലും ചെയ്യാതെ കൂലി വാങ്ങിക്കുന്നവരാണെന്ന് ഒരിക്കല്‍ പറയുകയുണ്ടായി.
ക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കി. അവസാന അത്തായത്തിലും വീഞ്ഞാണ് വിളമ്പിയത്. ക്രിസ്ത്യാനികള്‍ ആ “സ്പിരിറ്റ്” ഉള്‍ക്കൊള്ളുന്നു. ഏറ്റവും കൂടുതല്‍ മദ്യം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും അവരാണ്. മുസ്‌ലിംകള്‍ക്ക് മദ്യം ഹറാമാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് ഹരമാണ്.- ഇതും അദ്ദേഹത്തിന്റെ തമാശയായിരുന്നു.
നമ്പാടന്റെ നമ്പറുകള്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ തമാശകള്‍ സമാഹരിച്ചിട്ടുണ്ട്. അതിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇത് ആത്മകഥയല്ല നമ്പറുകള്‍ മാത്രം എന്നാണ്. നമ്പാടന്‍ മാസ്റ്ററുടെ നര്‍മബോധം രാഷ്ട്രീയത്തില്‍ അധിക പേര്‍ക്ക് ഈശ്വരന്‍ അനുവദിച്ചിട്ടില്ലെന്നും നമ്പ്യാരുടെ ഹാസ്യവും ചാക്യാരുടെ കൂത്തും സമന്വയിപ്പിക്കുന്നതാണ് നമ്പാടന്റെ ഫലിതങ്ങളെന്നും ഡോ. ഡി ബാബു പോള്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു. യാതൊരു ആവലാതിയുമില്ലാതെ പ്രവര്‍ത്തിച്ച ആത്മബന്ധമുള്ള സുഹൃത്തിന്റെ വേര്‍പാടാണ് എനിക്ക് ലോനപ്പന്‍ നമ്പാടന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.