Connect with us

Wayanad

തരുവണ ടൗണിലെ ഓവുചാല്‍ നിര്‍മാണം: സ്ഥലം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത

Published

|

Last Updated

മാനന്തവാടി: തരുവണ ടൗണിലെ ഓവുചാല്‍ നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം മുഴുവനായി ഏറ്റെടുക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിമൂഖത. കരാറുക്കാരനുമായി ധാരണയുണ്ടാക്കി എളുപ്പത്തില്‍ പണിതീര്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രിമിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയരുന്നു. 
2012ലാണ് ടൗണിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനും തകര്‍ന്ന ഓടകള്‍ പുതുക്കി പണിത് സ്ലാബിടാനും പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറെ ഡിവിഷന്‍ കരാര്‍ നല്‍കിയത്. 15 ലക്ഷം രൂപയാണ് കരാര്‍ തുക. മാര്‍ച്ച് 31ന് മുമ്പായി തീര്‍ക്കേണ്ട പണിതുടങ്ങിയതാവട്ടെ മാര്‍ച്ച് പകുതിയോടെയാണ്. രാത്രിയില്‍ എസ്‌കവേറ്ററുമായി എത്തിയ കരാറുക്കാരന്‍ നിലവിലുണ്ടായിരുന്ന സ്ലാബുകള്‍ പൊളിച്ചുമാറ്റി പകരം നിര്‍മ്മിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് പ്രവര്‍ത്തി നടത്തണമെന്നതായിരുു ആവശ്യം. ഇതേതുടര്‍ന്ന് ഒരുമാസത്തോളം ടൗണില്‍ കുഴിയെടുത്ത കരാറുക്കാരനോ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ല.
ഒരാഴ്ച്ച മുന്‍പ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം നിര്‍ണ്ണയിച്ചുനല്‍കിയെങ്കിലും പണിതുടങ്ങാന്‍ വീണ്ടും വൈകിയിരുന്നു.
തിങ്കളാഴ്ച്ച നേരത്തെ കുഴിച്ച കുഴികള്‍ മണ്ണിട്ടുമൂടുകയും ഇന്നലെ മുതല്‍ നാലുപണിക്കാരെ മാത്രം നിര്‍ത്തി ടൗണിലെ പണി പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി മഴ ശക്തമാകുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കാനുള്ള യാതൊരുശ്രമങ്ങളും കരാറുക്കാരന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് സഹായകമാകുന്ന നിലപാടാണ് പി.ഡബ്ല്യു.ഡി. അധികൃതരും സ്വീകരിക്കുന്നത്. നേരത്തെ ടൗണില്‍ പനമരം പി.ഡബ്ല്യു.ഡി. ഡിവിഷന്റെ കീഴിലെടുത്ത കരാറുപണിയുടെ കാര്യത്തിലും പൊരുമരാമത്ത് വകുപ്പ് സ്ഥലം പൂര്‍ണ്ണമായും തിരിച്ചുപിടിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. വേണ്ടത്ര നിര്‍ദേശങ്ങളും സംരക്ഷണവും നല്‍കാതെ ടൗണുകളിലെ കരാര്‍ പണികളെടുപ്പിച്ച് പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം.