മറ്റു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് ഇളവ് നല്‍കും

Posted on: June 4, 2013 8:35 pm | Last updated: June 4, 2013 at 8:35 pm
SHARE

LICENCEദുബൈ:വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധ പഠന ക്ലാസുകളുടെ എണ്ണം കുറക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നു. ആര്‍ ടി എ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. 

മെച്ചപ്പെട്ട രീതിയില്‍ വാഹനം ഓടിച്ചതായി പരിശീലകനു ബോധ്യപ്പെട്ടാല്‍ കൂടുതല്‍ ക്ലാസുകള്‍ക്കു നിര്‍ബന്ധിക്കാതെ ഡ്രൈവിങ് ലൈസന്‍സ് നല്‍കും. നിലവില്‍ 40 മണിക്കൂര്‍ ക്ലാസുകളാണ് അപേക്ഷകര്‍ക്കു നിര്‍ബന്ധമുള്ളത്.
വിദേശ ഡ്രൈവിങ് ലൈസന്‍സുമായി മെച്ചപ്പെട്ട രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കു നിര്‍ബന്ധിത പഠന ക്ലാസുകളില്‍ ഇളവുണ്ടാവും. ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധിക്ക് അനുസരിച്ചാണു ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
അഞ്ചു വര്‍ഷം കാലാവധിയുള്ള വിദേശ ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് 20 മണിക്കൂര്‍ ക്ലാസ് വേണം. രണ്ടില്‍ കുറഞ്ഞ കാലാവധിയാണു ലൈസന്‍സിനുള്ളതെങ്കില്‍ 40 ക്ലാസുകള്‍ വേണമെന്നാണു നിയമം. ഇതില്‍ ഇളവു നല്‍കുന്ന കാര്യമാണ് ആര്‍ടിഎയുടെ പരിഗണനയിലുള്ളത്. ഈ വര്‍ഷ ഏപ്രില്‍ വരെ 11,16,000 വാഹനങ്ങളുടെ മുല്‍ക്കിയ നല്‍കിയതായി ആര്‍ ടി എ അധികൃതര്‍ വെളിപ്പെടുത്തി. പുതിയതും നിലവിലുള്ളത് പുതുക്കിയതും ഈ കണക്കില്‍പ്പെടും. ട്രക്ക് മുതല്‍ മോട്ടോര്‍ സൈക്കിള്‍ വരെയുള്ള വിവിധ വാഹനങ്ങള്‍ക്കുള്ള മുല്‍ക്കിയകളാണ് ആര്‍ ടി എ നല്‍കിയത്. ഇത്ല്‍ 87 ശതമാനവും ചെറുവാഹനങ്ങളാണ്. 22,040 മുല്‍ക്കിയകളാണ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് നല്‍കിയത്.
ഇതേകാലയളവില്‍ ആര്‍ ടി എ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 32,492 ആണ്. ഇതില്‍ സ്വദേശികള്‍ക്ക് നല്‍കിയ ലൈസന്‍സുകള്‍ വെറും മൂന്ന് ശതമാനം. 24,608 ലൈസന്‍സുകള്‍ പുരുഷന്മാര്‍ക്ക് നല്‍കിയപ്പോള്‍ 7,844 എണ്ണം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്.